തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്‌കൂൾ അദ്ധ്യയനം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് യോഗം ഇന്ന്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ 11 മണിക്ക് അവലോകന യോഗം ചേരും. പുതിയ അദ്ധ്യയനം സംബന്ധിച്ച് യോഗത്തിൽ തീരുമാനമെടുക്കും.
ഒന്ന് മുതൽ ഒൻപത് വരെയള്ള ക്ലാസുകൾ ഈ മാസം 21 മുതൽ രണ്ടാഴ്ചത്തേയ്‌ക്ക് ഓൺലൈനിലേക്ക് മാറ്റാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. 10, 11, 12 ക്ലാസുകളിലെ അദ്ധ്യയനം സ്‌കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള കൊറോണ മാർഗ്ഗരേഖാ നിർദ്ദേശങ്ങൾ പരിഷ്‌കരിക്കും. പുതുക്കിയ മാർഗ്ഗരേഖ ഇന്ന് പുറത്തിറക്കും.
കൊറോണ രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ബുധനാഴ്‌ച്ച മുതൽ സ്‌കൂളുകളിൽ വാക്‌സിനേഷൻ ആരംഭിക്കും. വാക്‌സിനേഷന് അർഹരായ അഞ്ഞൂറിലേറെ കുട്ടികളുള്ള സ്‌കൂളുകളെ സെഷൻ സൈറ്റുകളായി തെരഞ്ഞെടുത്തായിരിക്കും വാക്‌സിനേഷൻ നടക്കുക.
അതേസമയം കുട്ടികളിൽ കൊറോണ വ്യാപനം രൂക്ഷമല്ലെന്ന് ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ എസ്എസ്എൽസി പരീക്ഷകൾക്ക് മാറ്റം വരുത്തില്ല. ഓൺലൈൻ ക്ലാസുകൾ പുനഃക്രമീകരിക്കും. എസ്എസ്എൽസി പാഠഭാഗങ്ങൾ ഫെബ്രുവരി ആദ്യം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
















Comments