ലാഹോർ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അന്താരാഷ്‌ട്ര യാചകനെന്ന് വിളിച്ച് ജമാ അത്തെ ഇസ്ലാമി തലവൻ സിറാജുൾ ഹക്ക്. പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് പരാമർശം. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറണമെങ്കിൽ ഇമ്രാൻ രാജി വെയ്‌ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലാഹോറിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇമ്രാൻ ഖാനും പാകിസ്താനും കൂടി ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയില്ല. ഇമ്രാൻഖാന്റെ നേതൃത്വത്തിലുള്ള ഭരണം ഭൂലോക തോൽവിയാണ്. അതിനാൽ തന്നെ ഇമ്രാൻഖാൻ പാകിസ്താൻ വിടണമെന്നും അന്താരാഷ്‌ട്ര യാചകനായി മാറിയിരിക്കുകയാണ് അദ്ദേഹമെന്നും സിറാജുൾ ഹക്ക് പറഞ്ഞു. അന്താരാഷ്‌ട്ര നാണയ നിധിയുമായി പാകിസ്താൻ നടത്തിയ വിവാദ ഇടപെടലിനെ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു സിറാജുൾ ഹക്ക്.
വലിയ രീതിയിലെ വിമർശനമാണ് ഇമ്രാൻഖാൻ പാകിസ്താന്റെ വിവിധ കോണുകളിൽ നിന്നും നേരിടുന്നത്. കഴിഞ്ഞ ദിവസം പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ-സർദാരി ഇമ്രാൻ ഖാനെ ‘ഈ നൂറ്റാണ്ടിന്റെ പ്രതിസന്ധി’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ സർക്കാർ എല്ലാ മുന്നണികളിലും പരാജയപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഐഎംഎഫുമായുള്ള സർക്കാരിന്റെ കരാർ രാജ്യത്തിന് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഭൂട്ടോ വ്യക്തമാക്കിയിരുന്നു.
കടുത്ത സാമ്പത്തിക തകർച്ചയായിട്ട് കൂടി സാമ്പത്തിക സഹായ പാക്കേജിനായി ഐഎംഎഫിനെ സമീപിക്കില്ലെന്നാണ് ഇമ്രാൻ ഖാൻ അറിയിച്ചത്. സാമ്പത്തിക തകർച്ചയിൽ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിന് മറ്റ് വഴികൾ തേടുമെന്നാണ് ഇമ്രാൻ ഖാൻ അറിയിച്ചത്. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നത് അടക്കമുള്ള കടുത്ത വ്യവസ്ഥകൾ ഐഎംഎഫ് മുന്നോട്ട് വെച്ച സാഹചര്യത്തിലാണ് ഐഎംഎഫിനെ സമീപിക്കേണ്ടതില്ലെന്ന് പാകിസ്താൻ തീരുമാനിച്ചത്.
















Comments