കൊച്ചി : നടൻ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ റെയ്ഡ്. സൂര്യ ഹോട്ടലുടമ ശരത്തിന്റെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്. ക്രൈം ബ്രാഞ്ചാണ് ആലുവയിലെ വീട്ടിൽ പരിശോധന നടത്തുന്നത്. കേസിൽ ശരത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം റെയ്ഡ് നടത്തുന്നത്.
ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ദിലീപിന്റെ വളരെ അടുത്ത സുഹൃത്താണ് ശരത്.
അതേസമയം ശരത്ത് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി ആരാണ് എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ശരത്തിന്റെ വീട്ടിൽ സംഘം റെയ്ഡ് നടത്തുന്നത്. ആ വിഐപി ശരത്താണെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അറസ്റ്റ് ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ശരത് ഹർജി നൽകിയിരിക്കുന്നത്.
Comments