തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ മെഗാ തിരുവാതിരയെ ട്രോളി വാക്‌സിൻ ബോധവത്ക്കരണവുമായി ബിജെപി സംസ്ഥാന ഘടകം. ടിപിആർ 30 ന് മുകളിലാണെന്നും വാക്‌സിനെടുക്കണമെന്നും അല്ലെങ്കിൽ നിങ്ങളുടെ മരണത്തിന് പോലും കൊറോണ കാരണഭൂതനാകുമെന്നുമാണ് ബിജെപിയുടെ വാക്‌സിൻ ബോധവത്ക്കരണ വാചകം.
ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ബോധവത്കരണ സന്ദേശത്തിലാണ് കാരണഭൂതൻ എന്ന പ്രയോഗം ഇടംപിടിച്ചത്. ടിപിആർ 30 ന് മുകളിലെത്തിയെന്ന കഴിഞ്ഞ ദിവസത്തെ പത്രവാർത്തയുടെ ക്ലിപ്പിംഗ് കൂടി ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയ്യാറാക്കിയത്.
സിപിഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച മെഗാ തിരുവാതിരയിലൂടെയാണ് കാരണഭൂതൻ എന്ന വാക്ക് കേരളത്തിൽ അടുത്തിടെ ചർച്ചയായത്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തിക്കൊണ്ടുളള വരികളിലായിരുന്നു കാരണഭൂതൻ ഇടംപിടിച്ചത്.
‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ’ എന്നതായിരുന്നു വരികൾ. ഇടുക്കി എൻജിനീയറിങ് കോളജിൽ കെഎസ് യുവുമായി ഉണ്ടായ സംഘർഷത്തിനിടെ ധീരജ് എന്ന എസ്എഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു 550 പേർ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറിയത്. സംഭവം സിപിഎമ്മിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കൊറോണ മാനദണ്ഡങ്ങളും ലംഘിച്ചായിരുന്നു പരിപാടി.
അനുചിതമായ സാഹചര്യത്തിൽ പരിപാടി സംഘടിപ്പിച്ച സിപിഎമ്മിനെ വിമർശിക്കാൻ ട്രോളൻമാർ ഏറ്റവും കൂടുതൽ ഉപയോഗിച്ചതും ഈ വരികളായിരുന്നു. സംസ്ഥാനത്ത് വീണ്ടും കൊറോണ ബാധിതരുടെ എണ്ണം 22,000 കടക്കുകയും തിരുവനന്തപുരം ജില്ലയിൽ രോഗബാധിതർ 5000 പിന്നിടുകയും ചെയ്ത സാഹചര്യത്തിലാണ് വാക്‌സിൻ എടുക്കണമെന്ന ഓർമ്മപ്പെടുത്തൽ ബിജെപി സംസ്ഥാന ഘടകം നടത്തിയത്.
















Comments