വിദൂരതയിലുള്ള ടോംഗനിവാസികളുടെ ബന്ധുക്കളും സുഹൃത്തുക്കളും അക്ഷമരാണ്. അവരുടെ കണ്ണുംകാതും അകലെ പ്രിയപ്പെട്ടവര്‍ക്കായി തുറന്നുവച്ചിരിക്കുകയാണ്. അവര്‍ക്ക് എന്തുസംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷയാണ്. ശനിയാഴ്ച കടലിനടിയില്‍ ഹുംഗാ ടോംഗ ഹുങ്ക ഹാപായ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചുണ്ടായ സുനാമിത്തിരകള്‍ ടോംഗ ദ്വീപസമൂഹത്തിനുണ്ടാക്കിയ ദുരന്തത്തിന്റെ ആഴം എത്രയെന്ന് രണ്ടുദിവസത്തിനിപ്പുറവും വ്യക്തമല്ല. തലസ്ഥാനമായ നുക്വാലോഫയില്‍ നിന്ന് 65 കിലോമീറ്റര്‍ വടക്കുമാറിയാണ് സ്‌ഫോടനം.
വന്‍ശബ്ദത്തോടെ പൊട്ടിയ അഗ്നിപര്‍വ്വതം തീര്‍ത്ത സുനാമിത്തിരകള്‍ ടോംഗയെ തകര്‍ത്ത് ഒരുമീറ്റര്‍ ഉയരത്തില്‍ കുതിച്ചെത്തി. ആശയവിനിമയ സംവിധാനം തകര്‍ന്നു. അതിനാല്‍ ആള്‍നാശമോ, ദുരന്തത്തിന്‍രെ ആഴമോ വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.എന്നാല്‍ ആന്‍ജെലാ ഗ്ലോവര്‍ എന്ന ബ്രിട്ടീഷ് വനിതയെ സുനാമിത്തിരകള്‍ കവര്‍ന്നതായി സഹോദരന്‍ വ്യക്തമാക്കി. ഇവരുടെ മൃതദേഹം കണ്ടെത്തി.
പതിനായിരം കിലോമീറ്റര്‍ അകലെ വടക്കന്‍ പെറുവിലെ കടല്‍തീരത്ത് രണ്ടുമൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡും ആസ്‌ട്രേലിയയും അയച്ച വിമാനങ്ങള്‍ ദുരന്തത്തിന് കൂടുതല്‍ വ്യാപ്തിയുള്ളതായി കണ്ടെത്തി. ടോംഗദ്വീപ് സമൂഹത്തിലെ പ്രബലദ്വീപായ ടോംഗാടാപുവിന് സാരമായ തകര്‍ച്ച സംഭവിച്ചതായി ന്യൂസിലന്‍ഡ് വ്യക്തമാക്കി. എന്നാല്‍ ഭയപ്പെടേണ്ട അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റെഡ്‌ക്രോസിന്റെ വിലയിരുത്തല്‍.
ആദ്യഘട്ടത്തില്‍ ഭയപ്പെട്ടതുപോലെ ജനനിബിഡപ്രദേശത്ത് കാര്യമായ അപകടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നത് നല്ലവാര്‍ത്തയാണെന്നും അവര്‍ പറഞ്ഞു. ടോംഗയില്‍ ഇന്റര്‍നെറ്റ്, ടെലഫോണ്‍ സൗകര്യങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. തീരദേശത്ത് ഇവയുടെ സേവനം നിര്‍ത്തിവച്ചത് തുടരുകയാണ്. വിദേശത്തും ടോംഗയ്‌ക്ക് പുറത്തുമുളളവര്‍ ടോംഗയിലെ ബന്ധുക്കളും സുഹൃത്തുക്കളുമായി സംസാരിച്ചിട്ട് രണ്ടുദിവസമായി. ടോംഗ ഗ്രൂപ്പില്‍ ഓരോരുത്തരുമായി വിളിച്ചുകൊണ്ടിരിക്കുകയാണ്. ആരെങ്കിലും ഫോണ്‍ എടുക്കുകയോ മറുപടി തരികയോ ചെയ്യുമെന്ന പ്രതീക്ഷയില്‍. പക്ഷെ ഞങ്ങള്‍ നിരാശരാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
















Comments