ലക്നൗ: ഉത്തർപ്രദേശിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ബിജെപി നേതാക്കളുമായി അദ്ദേഹം സംവദിക്കും. സ്വന്തം മണ്ഡലമായ വരണാസിയിലെ ബിജെപി പ്രവർത്തകരോടാണ് പ്രധാനമന്ത്രി സംസാരിക്കുക.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ, വെർച്വലായിട്ടാകും പ്രധാനമന്ത്രി ബിജെപി പ്രവർത്തകരോട് സംവദിക്കുക. ഇന്ന് രാവിലെ 11 മണിക്ക് പരിപാടി ആരംഭിക്കുമെന്ന് ഉത്തർപ്രദേശ് ബിജെപി നേതാക്കൾ ട്വിറ്ററിലൂടെ അറിയിച്ചു. തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ആദ്യത്തെ രാഷ്‌ട്രീയ പരിപാടിയാണ് നടക്കാനിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരെയാണ് ബിജെപി അണിനിരത്തിയിരിക്കുന്നത്. പാർട്ടി പ്രവർത്തകർക്ക് ഊർജ്ജം പകരാൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ നേതാക്കൾ ഉത്തർപ്രദേശ് സന്ദർശിച്ചിരുന്നു. കഴിഞ്ഞ തവണത്തെ പോലെ ഈ വർഷവും ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ.
ഫെബ്രുവരി 10ന് ആണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ആരംഭിക്കുക. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ 11 ജില്ലകളിലെ 58 സീറ്റുകളിൽ വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി 14ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ 55 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ടമായ ഫെബ്രുവരി 20 ന് 59 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ഈ മൂന്ന് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളാണ് അന്തിമമായിരിക്കുന്നത്.
ഫെബ്രുവരി 23ന് നാലാം ഘട്ടത്തിൽ 60 സീറ്റുകളിലേക്കും, ഫെബ്രുവരി 27ന് നടക്കുന്ന അഞ്ചാം ഘട്ടത്തിൽ 60 സീറ്റുകളിലേക്കും, മാർച്ച് മൂന്നിന് ആറാം ഘട്ടത്തിൽ 57 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. മാർച്ച് 7 ന് ആണ് അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 54 സീറ്റുകളിലാണ് അന്ന് വോട്ടെടുപ്പ് നടക്കുക.
















Comments