മുംബൈ : ധനുഷ്-ഐശ്വര്യ ദമ്പതികൾ വേർപിരിഞ്ഞതായി പ്രഖ്യാപിച്ചതിന് പിന്നാലെ വിവാഹ ആചാരത്തെ കുറ്റപ്പെടുത്തി സംവിധായകൻ രാം ഗോപാൽ വർമ്മ . വിവാഹത്തെ അപലപിക്കുകയും വിവാഹമോചനത്തെ ആഘോഷിക്കുകയും ചെയ്യുന്ന വിധത്തിലുള്ളതാണ് രാം ഗോപാൽ വർമ്മയുടെ ട്വീറ്റുകൾ.
‘വിവാഹത്തിന്റെ അപകടങ്ങളെക്കുറിച്ച് യുവാക്കൾക്ക് മുന്നറിയിപ്പ് നൽകാനുള്ള നല്ല ട്രെൻഡ്‌സെറ്ററുകളാണ് താരങ്ങളുടെ വിവാഹമോചനങ്ങൾ’ എന്ന് പേരൊന്നും പരാമർശിക്കാതെ രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തു.
തന്റെ ബ്ലോഗിൽ രാം ഗോപാൽ വർമ്മ വിവാഹത്തെ വിശേഷിപ്പിച്ചത് ‘ജയിൽ’ എന്നാണ്. വിഡ്ഢികൾ മാത്രമേ വിവാഹം കഴിക്കൂ. സ്മാർട്ടായ ആളുകൾ സ്നേഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോചനം ലഭിച്ചതിനാൽ വിവാഹമോചനങ്ങൾ മാത്രം സംഗീതത്തോടെ ആഘോഷിക്കണമെന്നും പരസ്പരം അപകടകരമായ ഗുണങ്ങൾ കണ്ടെത്തുന്ന കാര്യമായതിനാൽ വിവാഹങ്ങൾ നിശബ്ദമായി നടക്കണമെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു.
നമ്മുടെ ദുഷിച്ച പൂർവ്വികർ സമൂഹത്തിന്മേൽ അടിച്ചേൽപ്പിക്കുന്ന ഏറ്റവും ദുഷിച്ച ആചാരമാണ് വിവാഹമെന്നും രാം ഗോപാൽ വർമ്മ പറയുന്നു . ഇതിന് മുമ്പ് സാമന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞപ്പോഴും രാം ഗോപാൽ വർമ്മ പ്രതികരിച്ചിരുന്നു. 6 മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം.
Comments