ലക്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെയും ബിജെപിയുടെയും തുടർ ഭരണം പ്രവചിച്ച് സീ ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടർമാരുടെ മനസ് അറിയാൻ ജനതാ കാ മൂഡ് എന്ന പേരിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലമാണ് പുറത്തുവന്നത്.
യുപിയിൽ ബിജെപിയുടെ തുടർ വിജയം ഉറപ്പ് പറയുന്നതിനൊപ്പം കോൺഗ്രസിന്റെ തകർച്ചയും വോട്ടെടുപ്പിൽ വ്യക്തമാകുകയാണ്. ബിജെപിക്ക് 41 ശതമാനം വോട്ടുവിഹിതവും സമാജ് വാദി പാർട്ടിക്ക് 34 ശതമാനം വോട്ടുവിഹിതവുമാണ് പ്രവചിക്കുന്നത്. ബിഎസ്പി 10 ശതമാനം വോട്ടുകൾ നേടുമ്പോൾ കോൺഗ്രസിന് പ്രവചിക്കപ്പെടുന്നത് കേവലം ആറ് ശതമാനം വോട്ടുകൾ മാത്രമാണ്.
മുഖ്യമന്ത്രിയായി യോഗി ആദിത്യ നാഥിനെ തന്നെയാണ് കൂടുതൽ ആളുകളും തെരഞ്ഞെടുക്കുന്നത്. വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 47 ശതമാനം പേരും യോഗിയെ പിന്തുണച്ചു. അഖിലേഷിനെ 35 ശതമാനം പേരാണ് പിന്തുണച്ചത്. യുപിയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മേൽനോട്ടം വഹിക്കുന്ന പ്രിയങ്ക വാദ്രയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത് അഞ്ച് ശതമാനം പേർ മാത്രമാണ്.
അഞ്ച് സംസ്ഥാനങ്ങളിലുമായി 12 ലക്ഷം ജനങ്ങളാണ് അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തത്. രാഷ്‌ട്രീയ പ്രചാരണ മാനേജ്‌മെന്റ് സ്ഥാപനമായ ഡിസൈൻ ബോക്‌സ്ഡുമായി ചേർന്നാണ് സീ ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്.
യുപിയിലെ 403 സീറ്റുകളിൽ ബിജെപിയും എൻഡിഎയും മികച്ച ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ വോട്ടെടുപ്പ് പ്രവചിക്കുന്നു. പടിഞ്ഞാറൻ യുപിയിൽ സമാജ് വാദി പാർട്ടിയും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുക. ഇവിടെ ആകെയുളള 71 സീറ്റുകളിൽ 33 മുതൽ 37 സീറ്റുകളിൽ വരെ ഇരുപാർ്ട്ടികൾക്കും ജയസാദ്ധ്യതയുണ്ട്. ബിഎസ്പിക്ക് രണ്ടോ നാലോ സീറ്റുകൾ ലഭിക്കാനാണ് സാദ്ധ്യത. കോൺഗ്രസ് ഇവിടെ പാടേ തകർന്നടിയുമെന്നും സർവ്വെ പറയുന്നു.
മദ്ധ്യയുപിയിൽ 47 മുതൽ 49 സീറ്റുകൾ വരെ ബിജെപി നേടും. ഇവിടെ സമാജ് വാദി പാർട്ടിക്ക് 16 മുതൽ 20 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് രണ്ട് സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട്. എന്നാൽ ബിഎസ്പിക്ക് ഈ മേഖലയിൽ നിരാശയായിരിക്കും ഫലമെന്നും അഭിപ്രായ വോട്ടെടുപ്പ് പറയുന്നു.
പൂർവ്വാഞ്ചലിൽ ബിജെപിക്ക് 53 മുതൽ 59 സീറ്റുകൾ വരെ ലഭിക്കാൻ സാദ്ധ്യതയുണ്ട്. സമാജ് വാദി പാർട്ടിക്ക് 39 മുതൽ 45 വരെയും ബിഎസ്പിക്ക് അഞ്ച് സീറ്റുകൾ വരെ ലഭിക്കാൻ സാദ്ധ്യതയുളളപ്പോൾ കോൺഗ്രസ് ഇവിടെയും വിരലിലെണ്ണാവുന്ന സീറ്റുകളിൽ ഒതുങ്ങും.
















Comments