ന്യൂഡൽഹി : യുഎസിൽ 5 ജി സേവനങ്ങൾ ആരംഭിച്ചതിന് പിന്നാലെ അമേരിക്കയിലേക്കും, തിരിച്ചുമുളള വിമാന സർവ്വീസുകൾ റദ്ദാക്കി ഇന്ത്യ. എട്ട് എയർ ഇന്ത്യ സർവ്വീസുകളാണ് റദ്ദാക്കിയത്. 5 ജി ഉപകരണങ്ങളിൽ നിന്നുള്ള തരംഗങ്ങൾ വിമാനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കാമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് നടപടി.
എയർ ഇന്ത്യാ അധികൃതരാണ് വിമാന സർവ്വീസുകൾ റദ്ദാക്കിയ വിവരം അറിയിച്ചത്. 5 ജി നെറ്റ് വർക്ക് സ്ഥാപിച്ച സാഹചര്യത്തിൽ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ സാധിക്കില്ലെന്ന് എയർ ഇന്ത്യയുടെ പ്രസ്താവനയിൽ പറയുന്നു. 5 ജി നെറ്റ്വർക്ക് സ്ഥാപിച്ചതിന് ശേഷമുള്ള അമേരിക്കയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഡിജിസിഎ ചീഫ് അരുൺ കുമാർ പറഞ്ഞു.
5 ജി സാങ്കേതിക വിദ്യ സ്ഥാപിച്ചതിൽ മറ്റ് രാജ്യങ്ങളുടെയും എയർലൈൻസുകൾക്ക് ആശങ്കയുണ്ട്. ജപ്പാൻ എയർലൈൻസ്, ഓൾ നിപ്പോൺ എയർവേയ്‌സ്, സിംഗപ്പൂർ എയർലൈൻസും വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. യുഎസ് ആസ്ഥാനമായുളള ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
5 ജി വയർലെസ് സിഗ്‌നലുകൾ വിമാനത്തിലെ റേഡിയോ ആൾറ്റിറ്റിയൂഡ് മീറ്ററിൽ നിന്നുളള സിഗ്‌നലുകൾക്ക് ഭീഷണിയാണെന്നും വ്യോമയാന സുരക്ഷയെ ഇത് അപകടത്തിലാക്കാൻ സാദ്ധ്യതയുണ്ടെന്നും 6000 ത്തോളം പൈലറ്റുമാർ ചേർന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് മുന്നറിയിപ്പ് നൽകിയിരുന്നു.
















Comments