മുംബൈ: ഫിക്സഡ്‌ലൈൻ ബ്രോഡ്ബാന്റ് സേവനങ്ങളിൽ റിലയൻസ് ജിയോ ബിഎസ്എൻഎല്ലിനെ പിന്തള്ളി ഏറ്റവും വലിയ സേവനദാതാവായി. ചൊവ്വാഴ്ച ടെലികോം റെഗുലേറ്റർ ട്രായി പുറത്തിറക്കിയ പ്രതിമാസ ടെലികോം വരിക്കാരുടെ റിപ്പോർട്ട് അനുസരിച്ച് 4.34 ദശലക്ഷം ഉപഭോക്താക്കളുമായി ഫിക്‌സഡ്‌ലൈൻ ബ്രോഡ്ബാൻഡ് വിഭാഗത്തിൽ ജിയോ മുന്നിലെത്തി. 20 വർഷം മുമ്പ് ആരംഭിച്ചതു മുതൽ ഈ വിഭാഗത്തിൽ ആധിപത്യം പുലർത്തിയിരുന്നത് സർക്കാർ ടെലികോം കമ്പനിയായിരുന്ന ബിഎസ്എൻഎൽ ആയിരുന്നു. റിലയൻസ് ജിയോ ഫിക്സഡ്‌ലൈൻ ബ്രോഡ്ബാന്റ് ഉപയോക്താക്കളുടെ എണ്ണം ഒക്ടോബറിലെ 4.16 ദശലക്ഷത്തിൽ നിന്ന് നവംബറിൽ 4.34 ദശലക്ഷമായി ഉയർന്നു.
ബിഎസ്എൻഎല്ലിന്റെ ഉപയോക്താക്കൾ ഒക്ടോബറിലെ 4.72 ദശലക്ഷത്തിൽ നിന്ന് നവംബറിൽ 4.2 ദശലക്ഷമായി കുറഞ്ഞു. ഭാരതി എയർടെൽ ഫിക്സഡ്‌ലൈൻ ബ്രോഡ്ബാൻഡ് ഉപഭോക്തൃ അടിത്തറ നവംബറിൽ 4.08 ദശലക്ഷമാണ്. 2019 സെപ്റ്റംബറിൽ ഫിക്‌സഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനമായ ജിയോഫൈബർ പ്രവർത്തനം തുടങ്ങിയത്.
ജിയോ ആദ്യം മുതൽ തുടങ്ങിയപ്പോൾ 2019 സെപ്റ്റംബറിൽ 8.69 ദശലക്ഷം വയർഡ് ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുണ്ടായിരുന്നു. ഇത് 2021 നവംബറിൽ പകുതിയിൽ താഴെയായി കുറഞ്ഞു. ഭാരതി എയർടെല്ലിന്റെ വയർഡ് ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 2021 സെപ്റ്റംബറിലെ 2.41 ദശലക്ഷത്തിൽ നിന്ന് 70 ശതമാനം വർധിച്ച് 4.08 ദശലക്ഷമായി.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം ഒക്ടോബറിലെ 798.95 ദശലക്ഷത്തിൽ നിന്ന് നവംബറിൽ 801.6 ദശലക്ഷമായി വർദ്ധിച്ചു. നവംബർ അവസാനത്തോടെ മൊത്തം ബ്രോഡ്ബാൻഡ് വരിക്കാരുടെ 98.68 ശതമാനം വിപണി വിഹിതം മികച്ച അഞ്ച് സേവന ദാതാക്കളാണെന്ന് ട്രായ് വ്യക്തമാക്കി.
നവംബറിൽ റിലയൻസ് ജിയോയുടെ മൊത്തം ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 432.96 ദശലക്ഷമാണ്. തൊട്ടുപിന്നാലെ 210.10 ദശലക്ഷം ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുമായി ഭാരതി എയർടെൽ, വിഐ 122.40 ദശലക്ഷം, ബിഎസ്എൻഎൽ 23.62 ദശലക്ഷം, ആട്രിയ കൺവെർജൻസ് 1.98 ദശലക്ഷം എന്നിങ്ങനെയാണ്.
Comments