ബീജിങ്: ലോകത്തിന് കൊറോണ സമ്മാനിച്ച ചൈനയില്‍ നടക്കുന്ന ശൈത്യകാലഒളിംപിക്‌സ്, പാരാലിംപിക്‌സ് എന്നീ കായികമത്സരത്തിന് എതിരെയാണ് ലോകരാജ്യങ്ങളുടെ പ്രതിഷേധം.
മനുഷ്യാവകാശപ്രശ്‌നം മുന്‍നിര്‍ത്തി നയതന്ത്രബഹിഷ്‌കരണം നടത്താനാണ് വിവിധരാജ്യങ്ങളുടെ തീരുമാനം. അതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരെ ചടങ്ങില്‍ പങ്കെടുപ്പിക്കില്ല.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ശൈത്യകാല ഒളിംപിക്‌സ്,പാരാലിംപിക്‌സ് കായികമത്സരങ്ങള്‍ നടക്കുന്നത്. ഫെബ്രുവരി നാലു മുതല്‍ 20 വരെ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സില്‍ മൂവായിരം കായികതാരങ്ങള്‍ മാറ്റുരയ്‌ക്കും. മാര്‍ച്ച് നാലു മുതല്‍ 13 വരെ നടക്കുന്ന പാരാലിംപിക്‌സില്‍ 736 പേര്‍ മത്സരരംഗത്ത് ഉണ്ട്.
കേളിങ് ഉള്‍പ്പെടെ ചിലമത്സരങ്ങള്‍ ഉദ്ഘാടനത്തിനു മുന്‍പ് നടക്കും. ഇന്‍ഡോര്‍ ഐസ് മത്സരങ്ങള്‍ ബീജിങ് സ്‌റ്റേഡിയത്തിലും, ആല്‍പിന്‍ സ്‌കീയിംഗ്, ബോബ്‌സ്ലെഡ് മത്സരങ്ങള്‍ യാന്‍ക്വിനിലും നടക്കും. ഈ മേഖലയില്‍ മഞ്ഞ് കുറവായതിനാല്‍ 1.2 ദശലക്ഷം ക്യൂബിക് ഐസാണ് മത്സരമേഖലയില്‍ കൃത്രിമ മഞ്ഞുവീഴ്ചയക്കായി ഒരുക്കുന്നത്. അതെ സമയം പാരിസ്ഥിതിക പ്രശ്‌നം ചൂണ്ടിക്കാട്ടി ഈ നടപടിക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്.
മത്സരാര്‍ത്ഥികളേയും ഒഫിഷ്യല്‍സിനേയും പ്രത്യേകം തയ്യാറാക്കിയ ‘കുമിളകളില്‍” സുരക്ഷിതമാക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല.
അമേരിക്ക, ബ്രിട്ടന്‍, കാനഡ,ഓസ്‌ട്രേലിയ, ലിത്വാനിയ, കൊസോവ തുടങ്ങിയ രാജ്യങ്ങളാണ് നയതന്ത്രബഹിഷ്‌കരണത്തിന് തയ്യാറാവുന്നത്. ഈ രാജ്യങ്ങള്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുമെങ്കിലും മന്ത്രിമാരെയോ,ഉദ്യോഗസ്ഥരെയോ പങ്കെടുപ്പിക്കില്ല.
ചൈനയുടെ മനുഷ്യാവകാശ ധ്വംസനത്തിനെതിയെും മുസ്ലീങ്ങളോടുള്ള അതിക്രമത്തിനെതിരെ പ്രതിഷേധമായും ബഹിഷ്‌കരണത്തെ കാണാനാകുമെന്ന് അമേരിക്ക വ്യക്തമാക്കി.
സിങ്ങ്ജിയാങ്ങിലും ടിബറ്റിലും നടത്തുന്ന മനുഷ്യാവകാശ ലംഘനവും തായ്‌വാനിലേക്കുള്ള സൈനിക കടന്നാക്രമണവും ഇതിനു കാരണമാകുന്നതായി യുഎസ് എംപി ഡംഗന്‍സ്മിത്ത് പറഞ്ഞു. ചൈനയുടെ ഏകാധിപത്യനടപടിയെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നയതന്ത്ര ബഹിഷ്‌കരണത്തിന്റെ ഭാഗമായി ജപ്പാന്‍ മന്ത്രിമാരെ അയക്കില്ല. ഇത് ഈ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധംകൂടുതല്‍ വഷളാക്കാന്‍ ഇടയുണ്ട്. അതെസമയം ഫ്രാന്‍സ് ബഹിഷ്‌കരണത്തിന് എതിരാണ്. ഇത് രാഷ്‌ട്രീയവല്‍ക്കരിക്കേണ്ടതല്ലെന്നാണ് ഫ്രാന്‍സ് നിലപാട്. ബെയ്ജിങ് ഒളിംപിക്‌സിനെതിരായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയരുന്നുണ്ട്.
സിങ്ങ്ജിയാങ്ങിലെ ഉഗ്വര്‍ മുസ്ലീംജനവിഭാഗത്തോടുള്ള മനുഷ്യാവകാശ ലംഘനമാണ് ചൈനയ്‌ക്ക് എതിരെയുള്ള പ്രതിഷേധത്തിനുള്ള മുഖ്യകാരണം. ഒരു ദശലക്ഷം മുസ്ലീങ്ങള്‍ പ്രത്യേക ക്യാംപുകളില്‍ തടവിലാണെന്നും ഇവരെ അടിമജോലി ചെയ്യിക്കുന്നതായും സ്ത്രീകളെ വന്ധ്യംകരിക്കുന്നതായും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപണമുന്നയിക്കുന്നുണ്ട്.എന്നാല്‍ പ്രതിഷേധങ്ങളെ വകവയ്കാതെ ഒളിംപിക്‌സുമായി മുന്നോട്ടുപോകാനാണ് ചൈനയുടെ തീരുമാനം.
Comments