തൃശൂർ: കൊറോണയ്‌ക്കെതിരെ ശാസ്ത്രീയമായ സമീപനമാണ് ആവശ്യമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു പരാമർശം. സിപിഎം സമ്മേളനങ്ങൾ ശാസ്ത്രീയമായ രീതി പിന്തുടർന്നാണ് നടത്തുന്നത്. ശാരീരിക അകലം പാലിച്ചാണ് പതാക ഉയർത്തൽ അടക്കം നടത്തിയത്. മാസ്‌ക് ധരിച്ച്, അകലം പാലിക്കുന്നതാണ് ശാസ്ത്രീയമായ രീതി. എല്ലാം അടച്ചുപൂട്ടണം, അല്ലെങ്കിൽ ഒരു നിയന്ത്രണവും വേണ്ട എന്ന രണ്ടു നിലപാടുകളും ശരിയല്ല.
ശാസ്ത്രീയമായ കരുതലുകളിൽ അയവ് വരുത്തിക്കൂടാ എന്നതാണ് ലോകാരോഗ്യ സംഘടന തന്നെ മുന്നോട്ട് വച്ചിട്ടുള്ള സമീപനം. നമ്മൾ പിന്തുടരാൻ ശ്രമിക്കുന്ന സമീപനവും ഇതാണ്. ഇത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതിനിടയ്‌ക്ക് ശ്രദ്ധക്കുറവ് കൊണ്ട് അവിടെയോ ഇവിടെയോ ചില പോരായ്മകൾ ഒക്കെ ഉണ്ടാകാം. അത് ചൂണ്ടിക്കാണിക്കുന്ന ഘട്ടത്തിൽ തിരുത്തേണ്ടതുണ്ട്. ഇവിടെ ഈ സമ്മേളനത്തിൽ പതാക ഉയർത്തിയപ്പോൾ നിശ്ചയിക്കപ്പെട്ട ജില്ലാ കമ്മിറ്റി അംഗങ്ങളും ഏതാനും സഖാക്കളും കൂടി നിന്ന്, പ്രതിനിധികൾ മുഴുവൻ പങ്കെടുക്കാതെ പതാക ഉയർത്തൽ നടന്നു. ഇവിടെയും കാസർകോടും പാർട്ടിയുടെ ജില്ലാ സമ്മേളനങ്ങൾ നടക്കുകയാണ്. ശാസ്ത്രീയമായ സമീപനമാണ് ഇവിടെയെല്ലാം പാലിക്കേണ്ടെതെന്ന് ഓർക്കണമെന്നും എം.എ.ബേബി പറഞ്ഞു.
സംസ്ഥാനത്ത് കൊറോണ അതിതീവ്രവ്യാപനമുണ്ടായ സമയത്ത് സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു. ടിപിആർ മാനദണ്ഡം മാറ്റിയത് സിപിഎം സമ്മേളനത്തിന് വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചിരുന്നു. തിരുവനന്തപുരം സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ ക്വാറന്റീനിൽ പോകുന്നില്ല. മന്ത്രി, എംഎൽഎമാർ, നൂറ് കണക്കിന് നേതാക്കൾ തുടങ്ങിയവർക്കെല്ലാം കൊറോണ ബാധിച്ചു. സിപിഎമ്മുകാർക്കൊന്നും നിരീക്ഷണമില്ല. ഇവർ രോഗം പരത്തി നടക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
















Comments