ന്യൂഡൽഹി: ഒമിക്രോൺ വന്നു പോയവർക്ക് വീണ്ടും രോഗം ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്. മാസ്‌ക് ഉപയോഗിക്കുന്നതിൽ വിട്ടുവീഴ്‌ച്ച പാടില്ലെന്നും ടാസ്‌ക്‌ഫോഴ്‌സിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒമിക്രോൺ ബാധിക്കുന്ന കുട്ടികളിൽ 84 ശതമാനത്തിനും നേരിയ ലക്ഷണം മാത്രമേ പ്രകടമാകൂ. ഒമിക്രോൺ രോഗികളിൽ വയറിളക്കത്തിന്റെ ലക്ഷണങ്ങളും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മരണനിരക്ക് ഡെൽറ്റയെ അപേക്ഷിച്ച് കുറവാണെന്നും പഠനങ്ങളിൽ പറയുന്നു.
വാക്‌സിൻ എത്രയും വേഗം സ്വീകരിക്കുക എന്നതാണ് ഒമിക്രോണിനെ പ്രതിരോധിക്കാനുള്ള പ്രധാനവഴിയെന്നും വിദഗ്ധർ പറയുന്നു. മൂന്നാം തരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. ഇത് വാക്‌സിനേഷൻ വിതരണത്തിന്റെ ഗുണഫലമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 160 കോടി ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തിരിക്കുന്നത്.
അതേപോലെ കൊറോണ ബാധയുടെ അവസാനം അടുത്തിരിക്കുകയാണെന്ന് ദി ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഒമിക്രോൺ തരംഗത്തിന് ശേഷം കൊറോണ ശക്തമായി മടങ്ങി വരും. എന്നാൽ മഹാമാരിയാകില്ല. ആരോഗ്യ സംവിധാനങ്ങളും സമൂഹവും കൈകാര്യം ചെയ്യേണ്ട ഒരു സാധാരണ അസുഖമായി കൊറോണ മാറും. കൊറോണയെ പ്രതിരോധിക്കാൻ സർക്കാരുകൾ ഇപ്പോൾ കൈകൊള്ളുന്ന നിയന്ത്രണങ്ങളുടെ കാലം അവസാനിക്കുമെന്നും പഠനം പറയുന്നു.















