കൊച്ചി : നടിയെ ആക്രമിച്ച കേസ് അട്ടിമറിയ്‌ക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഹാജരാകാൻ ആവശ്യപ്പെട്ട് ഇന്നലെ അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു.
ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ഇന്ന് ചോദ്യം ചെയ്യും. ഇവരെ ചോദ്യം ചെയ്യാൻ അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്നാണ് ദിലീപിനെയും ആരോപണ വിധേയരായ മറ്റുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിന്റെ വിശദാംശങ്ങൾക്കായി ദിലീപിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ കസ്റ്റഡിയിൽ എടുക്കാതെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകുകയായിരുന്നു. ഇതിന് ശേഷം കോടതി അന്തിമ വിധി പ്രസ്താവിക്കും. രാവിലെ മുതൽ രാത്രിവരെ ചോദ്യം ചെയ്യാനാണ് അനുമതി. ഈ മാസം 27 വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ദിലീപിന്റെ ജാമ്യ ഹർജിയിൽ ശക്തമായ വാദ പ്രതിവാദങ്ങൾക്കാണ് കോടതി സാക്ഷിയായത്. ഇരുവിഭാഗങ്ങളോടും ചില സംശയങ്ങളും കോടതി ഉന്നയിച്ചിരുന്നു.
Comments