മിന്നൽ മുരളി എന്ന ചിത്രത്തിന്റെ റിലീസ് ശേഷം മിന്നൽ കേരളത്തിൽ ചർച്ചാ വിഷയമായിരിക്കുകയാണല്ലോ. എന്നാൽ മിന്നലിനെ പേടിച്ച് നടന്ന ഒരു വ്യക്തിയെ കുറിച്ച് കേട്ടിട്ടുണ്ടോ? യുഎസിലെ വെർജീനിയയിലെ വനം വകുപ്പ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിനാണ് ലോകത്ത് ഏറ്റവും കൂടുതൽ മിന്നലുകളേറ്റിട്ടുള്ളത്. അയാളാണ് റോയ് സള്ളിവൻ. ഏഴ് തവണയാണ് ഇദ്ദേഹത്തിന് മിന്നലേറ്റിട്ടുള്ളത്. ഗിന്നസ് ബുക്കിലും ഇദ്ദേഹം ഇടം പിടിച്ചിട്ടുണ്ട്.
1912ൽ വെർജീനിയയിലെ ഗ്രീൻ കൺട്രി എന്ന സ്ഥലത്താണ് റോയ് സള്ളിവൻ ജനിച്ചത്. 1936 മുതൽ വനം വകുപ്പിൽ പാർക്ക് റേഞ്ചറായി ജോലി നോക്കുകയായിരുന്നു അദ്ദേഹം. 30 വയസ്സുള്ളപ്പോഴാണ് ആദ്യമായി റോയിക്ക് മിന്നലേൽക്കുന്നത്. ഇടയ്‌ക്കിടയ്‌ക്ക് മിന്നലേൽക്കുന്നതിലാൽ ആളുകൾ ചിലപ്പോഴൊക്കെ റോയിയിൽ നിന്നും അകന്നു നിന്നിരുന്നു.
1942ൽ കാട്ടുതീ നിരീക്ഷിക്കാനായി മലമുകളിൽ കെട്ടിയുണ്ടാക്കിയ ഒരു താത്കാലിക കെട്ടിടത്തിലായിരുന്നു റോയി അപ്പോൾ. മിന്നൽ രക്ഷാചാലകങ്ങളൊന്നും തന്നെ ആ കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. ഉയർന്ന പ്രദേശത്തുള്ളതിനാൽ പലതവണ മിന്നൽ കെട്ടിടത്തിലടിച്ചു. അപ്പോഴാണ് കെട്ടിടത്തിലുണ്ടായിരുന്ന റോയിയ്‌ക്കും മിന്നലേൽക്കുന്നത്. എന്നാൽ സിനിമയിലേത് പോലെ സൂപ്പർ പവർ ഒന്നും തന്നെ റോയിയ്‌ക്ക് കിട്ടിയില്ല. അന്ന് അദ്ദേഹത്തിന്റെ വലതുകാൽ കരിയുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
പിന്നീട് 27 വർഷം കഴിഞ്ഞാണ് രണ്ടാമത്തെ മിന്നലാക്രമണം. ഒരു ട്രക്ക് ഓടിച്ചുകൊണ്ടുപോകവെ വണ്ടിയിൽ മിന്നലേൽക്കുകയും റോയിക്കും പരിക്ക് പറ്റുകയുമായിരുന്നു. അന്ന് അദ്ദേഹത്തിന്റെ തലമുടിയ്‌ക്ക് തീപിടിച്ചു. തൊട്ടടുത്ത വർഷവും റോയിക്ക് മിന്നലേറ്റു. വീടിന് മുന്നിൽ നിൽക്കുമ്പോഴായിരുന്നു ഇത്. രണ്ട് വർഷത്തിന് ശേഷം 1972ലും മിന്നൽ റോയിയെ തേടിയെത്തി. ഷെനാൻഡോ എന്ന ദേശീയ ഉദ്യാനത്തിൽ വനപരിപാലക ജോലിയ്‌ക്കിടെയാണ് ആ അപകടമുണ്ടാത്. അന്നും തലമുടിയ്‌ക്ക് തീപിടിച്ചു.
ധീരനായിരുന്ന വ്യക്തിയായിരുന്നു റോയി. എന്നാൽ മിന്നലാക്രമണം തുടർക്കഥയായതോടെ അദ്ദേഹം മിന്നലിനെ പേടിച്ചു തുടങ്ങി. ഇടിമിന്നലുള്ളപ്പോൾ അദ്ദേഹം പുറത്തിറങ്ങാതെയായി. തുടർച്ചയായി തലയ്‌ക്ക് തീപിടിച്ചതിനാൽ പുറത്ത് പോകുമ്പോൾ ഒരു കന്നാസിൽ വെള്ളം കൊണ്ട് നടക്കാനും തുടങ്ങി. എന്നാൽ 1973ൽ തന്നെ അദ്ദേഹത്തെ തേടി അഞ്ചാമത്തെ മിന്നലാക്രമണവും നടന്നു. വനത്തിൽ പട്രോളിങ്ങിന് പോകുന്നതിനിടെയായിരുന്നു അപകടം. ഇടിമിന്നൽ സാദ്ധ്യത കണ്ട ഉടൻ തന്നെ റോയ് വളരെ വേഗത്തിൽ വാഹനം ഓടിച്ചുപോയി.
ഇടയ്‌ക്ക് കാറും കോളും ഒഴിവായി എന്ന് കരുതി വാഹനത്തിന് പുറത്തിറങ്ങിയപ്പോൾ തന്നെ റോയിക്ക് മിന്നലേശുകയായിരുന്നു. പിന്നീട് 1976ലും അവസാനമായി 1977ലും അദ്ദേഹത്തിന് മിന്നലേശി. ചൂണ്ടയിട്ടുകൊണ്ടിരിക്കുമ്പോഴാണ് അവസാനമായി റോയിക്ക് മിന്നലേൽക്കുന്നത്. അങ്ങനെ ലോകത്തിൽ ഏറ്റവും തവണ മിന്നലേൽക്കുന്ന വ്യക്തിയായി റോയി മാറുകളും ഗിന്നസ് ബുക്കിൽ ഇടം നേടുകയും ചെയ്തു.
മിന്നലിന് ഭയന്ന് കന്നാസിൽ വെള്ളിത്തിന്റെ കൂടെ തലയിൽ തൊപ്പിയിട്ടായിരുന്നു റോയി നടന്നിരുന്നത്. ന്യൂയോർക്കിലെ ഗിന്നസ് റെക്കോർഡ്‌സ് പ്രദർശന വേദിയിൽ ഇന്നും റോയിയുടെ തൊപ്പികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 1983ലാണ് റോയ് മരണപ്പെടുന്നത്. സ്വന്തം കൈയിലിരുന്ന തോക്കിൽ നിന്നും അബദ്ധത്തിൽ തലയ്‌ക്ക് വെടിയേറ്റാണ് അദ്ദേഹം മരിക്കുന്നത്.
Comments