ലക്‌നൗ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രയെ വെല്ലുവിളിച്ച് റായ്ബറേലിയിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി അതിഥി സിംഗ്. റായ്ബറേലിയിൽ മത്സരിക്കാൻ പ്രിയങ്കയ്‌ക്ക് ധൈര്യമുണ്ടോയെന്നായിരുന്നു അതിഥിയുടെ വെല്ലുവിളി. ഗാന്ധി കുടുംബത്തിലെ വിശ്വസ്തയായിരുന്നു അതിഥി. കഴിഞ്ഞ കുറേ നാളുകളായി കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന അതിഥി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ ചേരുകയായിരുന്നു.
റായ്ബറേലി ഇനി കോൺഗ്രസ് കോട്ടയല്ലെന്നും വേണമെങ്കിൽ പ്രിയങ്കയ്‌ക്ക് ഇനി ഇവിടെ വന്ന് മത്സരിക്കാമെന്നും വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ അതിഥി പറഞ്ഞു. റായ്ബറേലിയിലേലും അമേഠിയിലേയും ജനങ്ങൾ മറ്റാരെക്കാളും ക്ഷമയുള്ളവരാണ്. ഒരുകാലത്ത് കോൺഗ്രസിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മണ്ഡലങ്ങളിലെ ജനങ്ങളെ കുറിച്ച് അവർ വിഷമിക്കുന്നുണ്ടെന്ന് താൻ കരുതുന്നില്ല. എന്തുകൊണ്ടാണ് ഇവിടുള്ളവരെ കോൺഗ്രസ്സുകാർ നിസ്സാരമായി കാണുന്നതെന്നും അതിഥി സിംഗ് ചോദിച്ചു.
അമേഠിയിലും റായ്ബറേലിയിലും വോട്ട് ചോദിച്ച് കോൺഗ്രസുകാർ എത്തുന്നത് വളരെ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. കോൺഗ്രസിനെ വിശ്വസിച്ച് വോട്ട് ചെയ്ത ജനങ്ങളെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൻ അവർ തിരിഞ്ഞ് നോക്കാറില്ല. ഗാന്ധി കുടുംബത്തിൽ നിന്നും ആരും തന്നെ ഈ അടുത്ത കാലത്ത് ഇവിടെ സന്ദർശനം നടത്തിയിട്ടില്ല. ഇനി എന്ത് തന്ത്രവുമായാണ് കോൺഗ്രസ് ഇവിടെ വോട്ട് ചോദിക്കാൻ വരുന്നതെന്നും അതിഥി സിംഗ് ചോദിച്ചു. റായ്ബറേലിയിൽ നിന്നും അഞ്ച് തവണ എംഎൽഎയായ അഖിലേഷ് സിംഗിന്റെ മകളാണ് അതിഥി സിംഗ്.
















Comments