ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്‌ക്കും ഭർത്താവ് നിക് ജോനാസിനും കഴിഞ്ഞ ദിവസമാണ് കുഞ്ഞ് പിറന്നത്. വാടക ഗർഭധാരണത്തിലൂടെ തങ്ങൾക്ക് കുഞ്ഞ് പിറന്നതായി ഇരുവരും സമൂഹമാദ്ധ്യമത്തിലൂടെയാണ് അറിയിച്ചത്. എന്നാൽ ഇത് വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ എഴുത്തുകാരി തസ്ലീമ നസ്‌റിൻ പങ്കുവെച്ച ട്വീറ്റ് ശ്രദ്ധ നേടുകയാണ്.
വാടക ഗർഭധാരണം സ്വാർത്ഥതയാണെന്നും എന്തു കൊണ്ടാണ് ഇവർ ദത്തെടുക്കലിന് തയ്യാറാവാത്തതെന്നുമാണ് തസ്ലീമ നസ്റിൻ ചോദിക്കുന്നത്. സമൂഹത്തിൽ പാവപ്പെട്ട സ്ത്രീകൾ ഉള്ളത് കൊണ്ടാണ് വാടക ഗർഭധാരണം നടക്കുന്നത്. ധനികർ തങ്ങളുടെ ആവശ്യങ്ങൾക്കായി സമൂഹത്തിൽ ദാരിദ്ര്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ എന്ത് കൊണ്ട് അനാഥയായ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നില്ല. കുഞ്ഞുങ്ങൾ തങ്ങളുടേത് തന്നെയാവണമെന്നത് ഒരു സ്വാർത്ഥതയാണെന്നും തസ്ലീമ പറഞ്ഞു.
ഇങ്ങനെ ജനിക്കുന്ന റെഡിമെയ്ഡ് കുഞ്ഞിനോട് എന്ത് വികാരമാണ് അമ്മമാർക്ക് തോന്നുക. കുഞ്ഞിന് ജന്മം നൽകിയ അമ്മയുടെ അതേ സ്‌നേഹവും വികാരവും ആ കുഞ്ഞിനോട് അവർക്കുണ്ടാവുമോ എന്നും തസ്ലീമ നസ്‌റിൻ ചോദിക്കുന്നു. ഇത് പ്രിയങ്കയെയും നിക്കിനെയും ഉദ്ദേശിച്ചാണ് പറയുന്നത് എന്ന് വാർത്തകൾ വന്നതോടെ തസ്ലീമ അത് നിഷേധിച്ചുകൊണ്ട് രംഗത്തെത്തി.
വാടക ഗർഭധാരണത്തെക്കുറിച്ചുള്ള തന്റെ വ്യത്യസ്ത അഭിപ്രായങ്ങളാണ് താൻ പങ്കുവെച്ചത് എന്നും പ്രിയങ്കയെയും നിക്കിനെയും ഉദ്ദേശിച്ചില്ലെന്നും തസ്ലീമ പറഞ്ഞു. തനിക്ക് ഏറെ ഇഷ്ടമുള്ള ദമ്പതികളാണ് നിക്കും പ്രിയങ്കയുമെന്നും തസ്ലീമ ട്വിറ്ററിൽ കുറിച്ചു.
Comments