ഷിംല: ടൂറിസ്റ്റ് കേന്ദ്രമായ ഹിമാചൽ പ്രദേശിലെ ധരംശാലയിൽ നിന്നും മക്ലിയോഡ്ഗഞ്ചിലേക്ക് ഇനി വെറും അഞ്ച് മിനിറ്റിലെത്താം. ധരംശാല സ്‌കൈവേ എന്ന് പേരിട്ടിരിക്കുന്ന റോപ്പ് വേയ്‌ക്ക് തുടക്കം കുറിച്ചു. മുഖ്യമന്ത്രി ജയ് റാം താക്കൂർ ഉദ്ഘാടനം ചെയ്ത് റോപ്പ് വേ നാടിന് സമർപ്പിച്ചു. ഹിമാചൽ പട്ടണങ്ങളുടെ അവിസ്മരണീയമായ ആകാശ കാഴ്‌ച്ചകളാണ് ഈ യാത്രയിൽ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. റോപ്പ് വേ വഴി യാത്രക്കാർക്ക് ഇനി ധരംശാലയിൽ നിന്നും മക്ലിയോഡ്ഗഞ്ചിലേക്ക് വളരെ വേഗം യാത്ര ചെയ്യാം.
207 കോടി രൂപ ചെലവിലാണ് റോപ്പ് വേ നിർമ്മിച്ചിരിക്കുന്നത്. 1.8 കിലോമീറ്ററാണ് റോപ്പ് വേയുടെ ആകെ ദൂരം. ഓരോ മണിക്കൂറിലും 1000 പേരെ വഹിക്കാനുള്ള ശേഷി റോപ്പ് വേയ്‌ക്കുണ്ട്. ടൂറിസ്റ്റ് സീസൺ അടുക്കുമ്പോൾ ധരംശാലയേയും മക്ലിയോഡ് ഗഞ്ചിനേയും ബന്ധിപ്പിക്കുന്ന റോഡ് പതിവായി ഗതാഗതകുരുക്കിന് സാക്ഷ്യം വഹിച്ചിരുന്നു. റോപ്പ് വേ യാഥാർത്ഥ്യമായതോടെ ഇതിന് പരിഹാരമായതായാണ് വിലയിരുത്തൽ.
രണ്ട് സ്റ്റേഷനുകളും 10 ടവറുകളും റോപ്പ് വേയ്‌ക്കുണ്ട്. ധരംശാലയിൽ നിന്നും മക്ലിയോഡ് ഗഞ്ചിലേക്ക് റോഡ് മാർഗ്ഗം 20 മിനിറ്റ് സമയമെടുക്കും. ഗതാഗത കുരുക്ക് കൂടുമ്പോൾ ഇത് ഒരു മണിക്കൂർ വരെ സമയം എടുക്കുന്നുണ്ട്. എന്നാൽ റോപ്പ് വേ യാഥാർത്ഥ്യമായതോടെ മക്ലിയോഡ്ഗഞ്ചിലേക്ക് എത്താൻ മണിക്കൂറുകളോളം റോഡിൽ കാത്തുകിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂർ പറഞ്ഞു.
ദലൈലാമ ക്ഷേത്രത്തിന് മുന്നിലാണ് റോപ്പ് വേയുടെ ടോപ്പ് സ്റ്റേഷൻ വരുന്നത്. കൂടാതെ മോണോ കേബിൾ ഡിറ്റാച്ചബിൾ ഗൊണ്ടോളസ് ടെക്‌നോളജിയാണ് സ്‌കൈവേയിൽ ഉപയോഗിച്ചിരിക്കുന്നത്. നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ തെളിയിക്കപ്പെട്ട ഫലപ്രദമായ നഗരഗതാഗത സാങ്കേതിക വിദ്യയാണിത്. ഈ റോപ്പ് വേയിൽ യാത്ര ചെയ്യുന്നതിന് ഒരാൾക്ക് 300 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. വൺ വേ താരിഫ് 300 രൂപയും ടുവേയാണെങ്കിൽ 500 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
















Comments