തിരുവനന്തപുരം: തിരുവനന്തപുരത്തെ തീയേറ്ററുകൾ അടക്കുന്നതിനിതിരെ എതിർപ്പുമായി ഫിയോക്ക് രംഗത്ത്. മാളുകളും ബാറുകളും പ്രവർത്തിക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് നീതീകരിക്കാനാകാത്ത തീരുമാനമാണെന്നും ഫിയോക്ക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു. കൊറോണ വ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു.
തീയേറ്ററുകൾക്ക് മാത്രം എന്തിനാണ് വിലക്ക്. മാളുകളിൽ കയറുന്ന അത്രയും ആളുകൾ തീയേറ്ററുകളിൽ വരുന്നില്ല. 50 ശതമാനം മാത്രമാണ് സിറ്റിംഗ് കപ്പാസിറ്റി. തീയേറ്ററുകളിൽ മാത്രം കൊറോണ വൈറസ് കയറുമെന്നതിൽ എന്താണ് യുക്തിയെന്നും വിജയകുമാർ ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ റിലീസ് ചെയ്ത സിനികളുടെ കളക്ഷനെ ഈ നിയന്ത്രണം ബാധിക്കുമെന്നും ഫിയോക്ക് അറിയിച്ചു.
രോഗവ്യാപനം തടയുന്നതിനാണ് തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേർന്ന കൊറോണ അവലോകന യോഗത്തിലായിരുന്നു തീരുമാനം. തീയേറ്ററിന് പുറമെ ജിംനേഷ്യങ്ങളും അടച്ചിടും. സാമൂഹിക, സാമുദായിക, രാഷ്‌ട്രീയ പരിപാടികൾ ജില്ലയിൽ പാടില്ല. മതപരമായ ചടങ്ങുകൾ ഓൺലൈനിൽ നടത്താമെന്നും യോഗത്തിൽ അറിയിച്ചിരുന്നു.
















Comments