കൊച്ചി: ‘മേപ്പടിയാന്റെ’ വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് ഉണ്ണിമുകുന്ദൻ. ചിത്രീകരണം പുരോഗമിക്കുന്ന പുതിയ സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ആഘോഷം. ചിത്രത്തിലെ അഭിനേയതാക്കളും അണിയറ പ്രവർത്തകർക്കുമൊപ്പമായിരുന്നു മേപ്പടിയാന്റെ വിജയാഘോഷം. പരിപാടിയുടെ ഫോട്ടോ ഉണ്ണിമുകുന്ദൻ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചു. ഉണ്ണിമുകുന്ദനും നടി അപർണ്ണാ ബാലമുരളിയും ചേർന്നാണ് കേക്ക് മുറിച്ചത്. ജൂഡ് ആന്റണി ജോസഫ്, അരുൺ ബോസ്, സലീം അഹമ്മദ്, മധു അമ്പാട്ട്, മൃദുൽ ജോർജ്ജ്, രാജേഷ് അടൂർ എന്നിവരും പങ്കെടുത്തു. കഴിഞ്ഞ 14 ന് റിലീസ് ചെയ്ത മേപ്പടിയാന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ വിഷ്ണുമോഹൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കഥയും സംഭാഷണവും തിരക്കഥയുമെല്ലാം അദ്ദേഹത്തിന്റേത് തന്നെ. മലയാള സിനിമയിൽ മികച്ച തുടക്കം ലഭിച്ച വിഷ്ണുവിൽ പ്രതീക്ഷയർപ്പിക്കാമെന്ന് പ്രഥമ സംരംഭത്തിലൂടെ അദ്ദേഹം തെളിയിച്ചു. ഉണ്ണി മുകുന്ദൻ എന്ന നടന്റെ ഭാവപകർച്ച വിസ്മയിപ്പിക്കുന്നതാണ്. നിരന്തരം നാഗരികമായ ചുറ്റുപാടിൽ ജീവിക്കുന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ഉണ്ണി മുകുന്ദന്റെ ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചേറ്റുകയാണ്. നാട്ടിൻപുറത്തുകാരന്റെ ജീവിതവും ആകുലതകളും തനിക്കും വഴങ്ങുമെന്ന് തെളിയിക്കാൻ ഉണ്ണിക്ക് കഴിഞ്ഞു.
ഉണ്ണി മുകുന്ദൻ നിർമ്മാതാവാകുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും മേപ്പടിയാനുണ്ട്. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. നിഷ സാരംഗ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ,കോട്ടയം രമേശ്, തുടങ്ങിയവരും മികച്ച അഭിനയ മുഹൂർത്തങ്ങൾ നൽകുന്നുണ്ട്.
Comments