കൊറോണ കാലത്ത് തലയിലുദിച്ച തലതിരിഞ്ഞ ബുദ്ധി; വീട് തലകീഴായി പണിത് യുവാവ്; ചിത്രങ്ങൾ വൈറൽ

Published by
Janam Web Desk

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമ ആരും മറക്കാൻ സാധ്യതയില്ല. മലയാളത്തിലെ ആദ്യ 3ഡി ചലച്ചിത്രമാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. അതിലെ ഒരു രംഗമാണ് കുട്ടിച്ചാത്തൻ ഒരു വീട് തലകീഴായി മാറ്റുന്നത്. സിനിമയിലെ മുഖ്യകഥാപാത്രങ്ങളായ കുട്ടികൾ തലകീഴായ വീടിനുള്ളിൽ കളിക്കുന്നതും എല്ലാം സിനിമയിൽ കാണാൻ സാധിക്കും. ഒരിക്കലെങ്കിലും നമ്മുടെയൊക്കെ വീട് അങ്ങനെയായിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ ഇത്തരത്തിൽ ഒരാൾ തലകീഴായി ഒരു വീട് യഥാർത്ഥത്തിൽ നിർമ്മിച്ചാലോ?

എന്ത് വീട് തലകീഴായി പണിതെന്നോ? വിശ്വസിക്കാൻ സാധിക്കുന്നില്ലല്ലേ? സംഗതി സത്യമാണ് കൊളംബിയയിലുള്ള ഗ്വാട്ടവിറ്റയിലുള്ള ഒരു വീടാണ് തലകീഴായി പണിതിരിക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വീട് കാണാൻ ഗ്വാട്ടവിറ്റയിലെത്തിയത്.

കൊറോണ മഹാമാരി ലോകത്തെ തകിടം മറിച്ചപ്പോൾ, താനും ഒന്ന് തലകീഴായി ചിന്തിച്ചതിന്റെ ഫലമായാണ് വീട് ഇത്തരത്തിൽ തലകീഴായി പണിതത് എന്ന് ഉടമസ്ഥനായ ഫ്രിറ്റ്‌സ് ഷാൾ പറയുന്നു. പുറമെ നിന്നും മാത്രമല്ല, അകത്തും വീട് തലകുത്തനൊണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സാധാരണ വീടുകളിൽ നമ്മൾ തറയിലാണ് ചവിട്ടി നടക്കുന്നത്. എന്നാൽ ഈ വീട് തലകീഴായി പണിതിരിക്കുന്നതിനാൽ, സീലിങ്ങിൽ ചവിട്ടിയാണ് നടക്കാൻ സാധിക്കുക.

വീടിനുള്ളിലെ സാധനങ്ങളും തലകീഴായി തന്നെയാണ് വെച്ചിരിക്കുന്നത്. നമ്മൾ വീടിന്റെ സീലിങ്ങിലൂടെ നടക്കുമ്പോൾ, താഴെ ഫർണീച്ചറുകളും മറ്റും അതേപടി വെച്ചിരിക്കുന്നു. കൊറോണ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ധാരാളം ആളുകൾ വീട് കാണാനെത്തി എന്നാണ് ഫ്രിറ്റ്‌സ് പറയുന്നത്. ആളുകളുടെ തിരക്ക് വർദ്ധിച്ചപ്പോൾ, അവർക്കായി പ്രത്യേകം സജ്ജീകരണങ്ങളും ഒരുക്കിയതായി ഫ്രിറ്റ്‌സ് പറയുന്നു.

Share
Leave a Comment