ബംഗളൂരു: തന്റെ ഗ്രാമത്തിലെ കുട്ടികൾക്ക് സ്‌കൂൾ പണിയാനായി സ്വന്തം ഭൂമി വിട്ടു നൽകി ഒരു മുത്തശ്ശി. 75 കാരിയായ ഹുഞ്ചമ്മ ചൗദ്രിയാണ് തന്റെ ഭൂമിയെല്ലാം തന്നെ സ്വമേധയാ വിട്ടു കൊടുത്തത്. കർണാടകയിലെ കുനിക്കേരി സ്വദേശിയാണ് ഇവർ. മുത്തശ്ശിയ്‌ക്ക് രണ്ടേക്കർ ഭൂമി സ്വന്തമായുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് കുനിക്കേരി ബസപ്പ ചൗദ്രി എന്നയാളെ വിവാഹം കഴിച്ചതിന് ശേഷമാണ് അവർ ഈ ഗ്രാമത്തിലേക്ക് എത്തുന്നത്.
സ്വന്തം വയലിൽ കൃഷി ചെയ്താണ് ഇവർ ജീവിച്ചിരുന്നത്. ഈ ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു. 30 വർഷം മുൻപ് ബസപ്പ ചൗദ്രി അന്തരിച്ചു. അതോടെ ഹുഞ്ചമ്മ തനിച്ചാവുകയും തന്റെ കൃഷിയിടത്തിൽ ജോലിചെയ്ത് ലളിതമായി ജീവിക്കുകയും ചെയ്തു. ഈ സമയത്താണ് സർക്കാർ തന്റെ ഗ്രാമത്തിലെ കുട്ടികൾക്ക് പഠിക്കാനായി സ്‌കൂൾ പണിയാൻ സ്ഥലം അന്വേഷിക്കുകയാണെന്ന് ഹുഞ്ചമ്മ അറിഞ്ഞത്. വിവരം അറിഞ്ഞ ഉടൻ തന്നെ ഹുഞ്ചമ്മ ഉദ്യോഗസ്ഥരെ സമീപിക്കുകയും തന്റെ ഒരേക്കർ ഭൂമി എഴുതിക്കൊടുക്കുകയുമായിരുന്നു.
കുറച്ചു കാലത്തിനുശേഷം, കുട്ടികൾക്കായി ഒരു കളിസ്ഥലം നിർമ്മിക്കാൻ സ്‌കൂൾ കമ്മിറ്റി സമീപത്ത് സ്ഥലം അന്വേഷിച്ചു. ഹുഞ്ചമ്മ ഒരിക്കൽക്കൂടി നിറഞ്ഞ സന്തോഷത്തോടെ ബാക്കിയുള്ള ഭൂമി കൂടി സ്‌കൂളിലേക്കുള്ള കളിസ്ഥലത്തിനായി സമ്മാനിച്ചു. സ്‌കൂൾ കെട്ടിടത്തിനും കളിസ്ഥലത്തിനുമായി ഹുഞ്ചമ്മ സംഭാവന നൽകിയ ഭൂമിക്ക് ഒരു കോടി രൂപയെങ്കിലും വിലമതിയ്‌ക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
ഹുഞ്ചമ്മ ഇപ്പോൾ അതേ സ്‌കൂളിൽ പ്രധാന പാചകക്കാരിയായി ജോലി ചെയ്യുകയാണ്. സ്‌കൂൾ അടയ്‌ക്കുന്ന സമയത്ത് അവർ മറ്റുള്ളവരുടെ പറമ്പിൽ കർഷകത്തൊഴിലാളിയായും ജോലി ചെയ്യുന്നുണ്ട്. ‘ഞാൻ പ്രസവിച്ചില്ല. എന്നാൽ ഈ കുട്ടികളെല്ലാം എന്നെ മുത്തശ്ശി എന്നാണ് വിളിക്കുന്നത്. ഓരോ ദിവസവും 300 കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിൽപരം സന്തോഷം മറ്റെന്തുണ്ടെന്നാണ് ഹുഞ്ചമ്മ ചോദിക്കുന്നത്.
















Comments