തിരുവനന്തപുരം: കവി പി.നാരായണക്കുറുപ്പിലൂടെ മലയാളസാഹിത്യം പത്മശ്രീനേടിയതായാണ് സാഹിത്യലോകത്തെ വിലയിരുത്തല്‍. അന്‍പത് വര്‍ഷത്തിലേറെയായി മലയാള സാഹിത്യത്തില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയ കവി.നാരായണക്കുറുപ്പിന് പത്മശ്രീ വൈകിയെത്തിയ നേട്ടമാണ്. കവി എന്നതിനപ്പുറം നിരൂപകന്‍, ബാലസാഹിത്യകാരന്‍, തുടങ്ങി സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലയില്‍ കഴിവു തെളിയിച്ചയാളാണ് പി നാരായണക്കുറുപ്പ് അതുകൊണ്ടുതന്നെ ഈ പുരസ്‌കാര നേട്ടത്തിന് പകിട്ട് ഏറെയാണ്.
മലയാള സാഹിത്യം ശ്രദ്ധിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇത്തരം പുരസ്‌കാരങ്ങളെന്നും ഭാവി എഴുത്തുകാര്‍ക്ക് ഇത് പ്രചോദനമാണെന്നും നാരായണക്കുറുപ്പ് പ്രതികരിച്ചുു.10 വര്‍ഷംതപസ്യയുടെ അദ്ധ്യക്ഷനായിരുന്നതും ഇപ്പോള്‍ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്നതും എഴുത്തിന് ഏറെ ഗുണം ചെയ്തതായും തപസ്യയ്‌ക്ക് മലയാള സാഹിത്യ മേഖലയ്‌ക്ക് ഏറെ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 25 വര്‍ഷത്തിലേറെ ചിലവഴിച്ച ഡല്‍ഹിയിലേക്ക് പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പോവുന്ന സന്തോഷത്തിലാണ് നാരായണക്കുറുപ്പും കുടുംബവും
1934 സപ്തംബര്‍ 5ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് അദ്ദേഹത്തിന്റെ ജനനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബിഎഡ് നേടി. 1956 ല്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1971-75 കാലയളവില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസര്‍, പിന്നീട് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ എഡിറ്റര്‍, വിശ്വവിജ്ഞാനകോശം, സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്ററ്റിയൂട്ട് എന്നിവയില്‍ ഗസറ്റ് എഡിറ്റര്‍ നിലകളില്‍ പ്രവര്‍ത്തിച്ചു.1992 മുതല്‍ തപസ്യ കലാസാഹിത്യ വേദിയുടെ സഹാധ്യക്ഷന്‍, പിന്നീട് രണ്ടുതവണ തപസ്യ സംസ്ഥാന അധ്യക്ഷന്‍ ഇപ്പോള്‍ തപസ്യ സംസ്ഥാന രക്ഷാധികാരി എന്ന സ്ഥാനത്ത് തുടരുന്നു.
അസ്ത്രമാല്യം, ഹംസധ്വനി, അപൂര്‍ണ്ണതയുടെ സൗന്ദര്യം,നാറാണത്തു കവിത, കുറുംകവിത, ഭൂപാളം, നിശാഗന്ധി, അമ്മത്തോറ്റം, സാമം സംഘര്‍ഷം, ശ്യാമ സുന്ദരം, അയര്‍ കുലത്തിലെ വെണ്ണ, തുടങ്ങിയ കാവ്യസമാഹാരങ്ങള്‍, കവിയും കവിതയും, വൃത്ത പഠനം, കാവ്യബിംബം, ഭാഷാവൃത്ത പഠനം, തനതു കവിത, തനതു നാടകം, കവിതയിലെ റിയലിസം, തുടങ്ങിയ നിരൂപണ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ ഒട്ടനവധികൃതികളുടെ രചയിതാവാണ്.
1986 ല്‍ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. 1990 ല്‍ നിശാഗന്ധി എന്ന കവിതയ്‌ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,1991 ലെ ഓടക്കുഴല്‍ അവാര്‍ഡ്, 1996 ലെ കേരളപാണിനി അവാര്‍ഡ്, 2002 ല്‍ ബാലസാഹിത്യത്തിനുള്ള സംസ്ഥാന അവാര്‍ഡ്, 2005 ലെ ഉള്ളൂര്‍ അവാര്‍ഡ്, 2014 വളളത്തോള്‍ പുരസ്‌കാരം, 2017ല്‍ തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായ അദ്ദേഹത്തെ 2022 ല്‍ പത്മശ്രീ പുരസ്‌കാരവും തേടിയെത്തി.
















Comments