പാലക്കാട്: ആധ്യാത്മിക ധാർമ്മിക മണ്ഡലങ്ങളിൽ ജ്വലിച്ചു നിന്ന സുവർണ്ണ നക്ഷത്രമായിരുന്നു സ്വാമിജി. വേദാന്ത തത്വ വിഷയങ്ങളെ വളരെ ലളിതമായി പ്രതിപാദിച്ചു. ജനമനസിൽ ഒരിക്കലും വിസ്മരിക്കാനാവാത്ത അനുഭവങ്ങൾ പകർന്നു നൽകി. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ യോഗാചാര്യനായി ആധ്യാത്മിക പ്രവർത്തന രംഗത്തേക്ക് കടന്ന അദ്ദേഹം ജ്ഞാനാനന്ദ സരസ്വതി സ്വാമികളുടെ ശിഷ്യത്വം സ്വീകരിച്ചു.
ഭാഗവത സപ്താഹ വേദികളിൽ ഭക്തജനങ്ങൾക്ക് മാർഗ്ഗദർശിയും ആചാര്യശ്രേഷ്ഠനുമായി. കേരളത്തിലുടനീളം അദ്ദേഹം നടത്തിയിട്ടുള്ള പ്രഭാഷണങ്ങളും ജ്ഞാനയജ്ഞങ്ങളും വലിയൊരു പരിവർത്തനത്തിന് കളമൊരുക്കിയതായി മുൻ ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. ശ്രീഹൃദയം മാസികയിലൂടെ അയ്യപ്പ ധർമ്മത്തെക്കുറിച്ച് സ്വാമിഎഴുതിയ ലേഖനങ്ങൾ ശബരിമല തീർത്ഥാടനത്തിന്റെ താത്വികവശം തുറന്ന് കാട്ടി. പമ്പാതീരത്ത് ജനിച്ചുവളർന്നതുമൂലം ശബരിമലയുമായി ഉണ്ടായ സാമീപ്യമാകാം അയ്യപ്പ ദർശനത്തിന്റെ പ്രചരണം ഏറ്റെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും കുമ്മനം പറഞ്ഞു.
സന്യാസിമാരുടെ പ്രവർത്തന സമിതിയായ മാർഗദർശക മണ്ഡലത്തിന്റെ അധ്യക്ഷനായിരുന്നു. നിലക്കൽ പ്രക്ഷോഭം , ഗുരുവായൂർ ക്ഷേത്ര വിമോചന സമരം തുടങ്ങി ഹൈന്ദവ മുന്നേറ്റ സംരംഭങ്ങളിലെല്ലാം സ്വാമിജിയുടെ നേതൃത്വം സമൂഹത്തിന് ശക്തി പകർന്നു. യോഗശാസ്ത്ര വിധി അനുസരിച്ചുള്ള ക്രിയകൾ അനായാസേന ചെയ്യാൻ കഴിയുന്ന ചുരുക്കം ചില ആചാര്യന്മാരിൽ ഒരാളായിരുന്നു. ഭാരതീയ ഋഷി പരമ്പരയിൽ അഭിമാനിക്കാൻ കഴിയുന്ന ഉജ്ജ്വല സംഭാവനകൾ നൽകിയ മഹാത്മാവാണ് സ്വാമിജിയെന്നും കുമ്മനം അനുസ്മരിച്ചു
















Comments