ചെന്നൈ : ക്രിസ്തുമതം സ്വീകരിക്കണമെന്ന സ്‌കൂൾ അധികൃതരുടെ പീഡനം താങ്ങാൻ കഴിയാതെ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. അധികൃതരുടെ പീഡനം സഹിക്കാനാകാതെ സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്.
ചെന്നൈയിലെ തിരുവള്ളുവർ കൂട്ടത്തിലേക്കാണ് ബിജെപി പ്രതിഷേധ പ്രകടനം നടത്തിയത്. മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, മുൻ എംപി സിപി രാധാകൃഷ്ണൻ, ബിജെപി എംഎൽഎ നയ്‌നർ നഗെന്തിരൻ, മുതിർന്ന ബിജെപി നേതാക്കൾ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
തങ്ങൾ ഒന്നും പുതുതായി ആവശ്യപ്പെടുന്നില്ലെന്നും, പെൺകുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം വീണ്ടും ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അണ്ണാമലൈ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്‌കൂൾ അധികൃതർ പെൺകുട്ടിയെക്കൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു. രണ്ട് വർഷം മുൻപ് പെൺകുട്ടിയെ ക്രിസ്തു മതത്തിലേക്ക് മാറ്റാൻ വീട്ടുകാരോട് സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് സ്‌കൂൾ അധികൃതർ മതം മാറാൻ നിർബന്ധിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
Comments