പത്തനംതിട്ട: കൊടുമണ്ണിൽ സിപിഐ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പോലീസിനെതിരെ പരാതിയുമായി എ.ഐ.വൈ.എഫ്. കേസിൽ പ്രതികളായ ഡിവൈഎഫ്‌ഐക്കാരെ പോലീസ് സംരക്ഷിക്കുകയാണെന്നാണ് എ.ഐ.വൈ.എഫിന്റെ ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ആക്രമണങ്ങളാണ് ഡിവൈഎഫ്‌ഐ നടത്തുന്നതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ ആരോപിച്ചു.
അങ്ങാടിക്കൽ സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഐ പ്രാദേശിക നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കം രണ്ടാഴ്ച പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല. അതേസമയം ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എഫ്‌ഐആറിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തതിന് പുറമെ ജാതി അധിക്ഷേപവും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഘം ചേരൽ, മർദ്ദനം, അസഭ്യം പറച്ചിൽ തുടങ്ങിയവയ്‌ക്കായിരുന്നു ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
എന്നാൽ സംഭവങ്ങളുമായി ബന്ധപ്പെടുത്തി ഗൗരവമായ വകുപ്പുകൾ ചേർത്തിട്ടില്ലെന്ന് സിപിഐയും ആരോപിച്ചു. സിപിഐ നേതാക്കളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അടൂർ ഡിവൈഎസ്പിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാൻ നേതൃത്വം തീരുമാനിച്ചത്.
Comments