ന്യൂഡൽഹി: കൊറോണ കാലത്തെ തടസ്സങ്ങൾ നീങ്ങിയെന്നും ഗഗൻയാൻ വിക്ഷേപണ പദ്ധതികളുടെ വേഗം വർദ്ധിച്ചതായും കേന്ദ്ര ബഹിരാകാശ വകുപ്പ്. ആഗോള തലത്തിൽ ഉണ്ടായ വിവിധതരത്തിലെ സാങ്കേതിക തടസ്സങ്ങൾ നിലവിൽ മാറിയെന്നും ഇന്ത്യൻ ബഹിരാകാശ രംഗം വരും വർഷങ്ങളിൽ ചരിത്ര നേട്ടം കൈവരിക്കുമെന്നും കേന്ദ്ര ബഹിരാകാശ വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഈ വർഷം മനുഷ്യരഹിത ഗഗൻയാൻ പദ്ധതിയുമായാണ് ഇസ്‌റോ മുന്നോട്ട് പോകുന്നത്. വ്യോംമിത്ര എന്നപേരിലുള്ള റോബോട്ടിനെ വഹിക്കുന്ന രണ്ടാമത്തെ ദൗത്യവും രണ്ടാം ഘട്ടമായി നടക്കും. മൂന്നാമത്തെ ഘട്ടമാണ് വൈമാനികരുമായി കുതിച്ചുയരുകയെന്നും ജിതേന്ദ്രസിംഗ് പറഞ്ഞു.
നിലവിൽ പരിശീലിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ സഞ്ചാരികൾ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കി. ഇന്ത്യയുടെ സ്വന്തം ഗഗൻയാൻ ഉപഗ്രഹം ബഹിരാകാശത്തിലേക്ക് രണ്ടു വർഷത്തിനുള്ളിൽ കുതിക്കുമെന്നും സിംഗ് പറഞ്ഞു. റഷ്യയിലെ ജനറിക് ബഹിരാകാശ നിലയത്തിലാണ് ഇന്ത്യൻ വൈമാനികർ പരിശീലിക്കുന്നത്. തുടർന്നുള്ള പരിശീലനം ബംഗ്ലൂരിലെ പരിശീലന കേന്ദ്രത്തിലും നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഗഗൻയാനിലെ ക്രൂ എസ്‌കേപ്പിംഗ് സംവിധാനമെന്നത് പത്തുകിലോമീറ്റർ ദൂരപരിധിയിൽ നിന്ന് നടത്തേണ്ട ഒന്നാണെന്നും അത്തരം പരീക്ഷണം നിർണ്ണായകമാണെന്നും അവയ്‌ക്കായുള്ള തയ്യാറെടുപ്പ് നടന്നുവരുന്നതായും ജിതേന്ദ്രസിംഗ് അറിയിച്ചു. ഇന്ത്യയുടെ ബഹിരാകാശ സംവിധാനം കൂടുതൽ കാര്യക്ഷമമാകാൻ സ്വകാര്യ സംരംഭകരുടെ കരുത്തുറ്റ പിന്തുണയും ആവശ്യമുണ്ടെന്നും അത് വിദേശരാജ്യങ്ങളെ സമീപിക്കുന്ന ചിലവ് ഇല്ലാതാക്കു മെന്നും തദ്ദേശീയമായ കരുത്ത് കൂട്ടാനാകുമെന്നും ജിതേന്ദ്രസിംഗ് കൂട്ടിച്ചേർത്തു.
















Comments