അഹമ്മദാബാദ്: ഇന്ത്യയുടെ അഭിമാനവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയുമായ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ചവരുടെ എണ്ണം 75 ലക്ഷം കടന്നു. ഇൻഡസ്ട്രീസ് ആൻഡ് മൈൻസ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് കുമാർ ഗുപ്തയാണ് സന്ദർശകരുടെ പട്ടിക പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ കാഴ്‌ച്ചപ്പാടാണ് പ്രതിമ ഇവിടെ സ്ഥാപിക്കാൻ കാരണമായതെന്നും ഗുപ്ത പറയുന്നു.
2018 ഒക്ടോബർ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഏകതാപ്രതിമ ഉദ്ഘാടനം ചെയ്ത് രാജ്യത്തിന് സമർപ്പിച്ചത്. വളരെ പെട്ടന്ന് തന്നെ ഗുജറാത്തിലേയും ഇന്ത്യയിലെയും ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി ഇത് മാറുകയായിരുന്നു. നർമദ ജില്ലയിൽ സർദാർ സരോവർ അണക്കെട്ടിന് സമീപമാണ് സർദാർ വല്ലഭഭായി പട്ടേലിന്റെ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്നത്. 182 അടി ഉയരമുണ്ട് പ്രതിമയ്‌ക്ക്.
വിനോദസഞ്ചാരികൾ യാത്രകൾക്ക് പദ്ധതിയിടുമ്പോൾ അതിലൊരിടമാകാൻ ഏകതാപ്രതിമയ്‌ക്കാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ഗുപ്ത ട്വിറ്ററിൽ കുറിച്ചു. കൊറോണ മഹാമാരിയ്‌ക്കിടിയിലും കഴിഞ്ഞ പത്ത് മാസത്തിനിടെ 25 ലക്ഷം സന്ദർശകരാണ് ഇവിടെ എത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ 50 ലക്ഷം പേരാണ് ഇവിടേയ്‌ക്ക് എത്തിയത്.
സർദാർ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഏകതാ പ്രതിമ നർമദാ നദീ തീരത്തെ സാധു ബെട്ട് ദ്വീപിൽ നിർമ്മിച്ചത്. ഗുജറാത്തിലെ ടൂറിസം വകുപ്പിന്റെ കണക്കുകൾ പ്രകാരം 75 ലക്ഷത്തോളം വിനോദസഞ്ചാരികളാണ് ഇതിനോടകം പ്രതിമ സന്ദർശിച്ചത്. 2018 നവംബർ 1 മുതൽ 2019 സെപ്റ്റംബർ 12 വരെയുള്ള കാലയളവിലെ കണക്കനുസരിച്ച് ടിക്കറ്റ് വിൽപ്പനയിൽ നേടിയത് 57 കോടി രൂപയാണ്.
ചൈനയിലെ 153 മീറ്റർ ഉയരമുള്ള ബുദ്ധപ്രതിമയെയും ബ്രസീലിലെ ക്രിസ്തു പ്രതിമയയെയും അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമയേയുമൊക്കെ ഉയരത്തിൽ പിന്തള്ളിയാണ് ഏകതാ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന സ്ഥാനം സ്വന്തമാക്കിയത്. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ഏകതാ പ്രതിമ 34 മാസത്തെ തുടർച്ചയായ ജോലിക്കൊടുവിലാണ് ലോകത്തിന് സമർപ്പിച്ചത്.
പദ്മഭൂഷൺ രാം വി. സുധർ ആണ് പ്രതിമയുടെ ശിൽപ്പി. പ്രതിമയെ അഞ്ച് ഭാഗമായാണ് വിഭജിച്ചിരിക്കുന്നത്. പ്രതിമയുടെ കണങ്കാൽ വരെയുള്ള ഭാഗമാണ് ഒന്നാമത്തെ സോൺ. പ്രദർശന മേഖല, മദ്ധ്യഭാഗത്തെ നില, മേൽഭാഗം എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങളാണ് പ്രതിമയ്‌ക്കുള്ളത്. എക്സിബിഷൻ ഹാൾ, മ്യൂസിയം, വാൾ ഓഫ് യൂണിറ്റി, ലേസർ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, ഹെലികോപ്റ്റർ റൈഡ്, ബോട്ടിംഗ്, ട്രെക്കിംഗ്, ഷോപ്പിംഗ് തുടങ്ങിയ സൗകര്യങ്ങളെല്ലാം തന്നെ ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
Comments