ചെന്നൈ: തമിഴ്നാട്ടിലെ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ മതപരിവർത്തനത്തിന് നിർബന്ധിച്ചതിനെ തുടർന്ന് ഹിന്ദു പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് പഠിക്കാൻ കമ്മീഷനെ രൂപീകരിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. നാലംഗ വനിതാ സിമിതയെയാണ് നിയോഗിച്ചത്. സംഭവത്തെ കുറിച്ച് പഠിച്ച ശേഷം തനിക്ക് റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് നദ്ദ ആവശ്യപ്പെട്ടു.
ബിജെപി എംപി സന്ധ്യ റെ, പാർട്ടി നേതാക്കളായ വിജയ ശാന്തി, ചിത്ര വാഗ്, ഗീത വിവേകാനന്ദ എന്നിവരാണ് അന്വേഷണ കമ്മിറ്റിയിലെ അംഗങ്ങൾ. മതപരിവർത്തനത്തിനായി നിർബന്ധിച്ചുവെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. മതപരിവർത്തന കേസുകൾ സംസ്ഥാനത്ത് കൂടുന്ന പശ്ചാത്തലത്തിലാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് സ്‌കൂൾ അധികൃതർ മതം മാറാൻ നിർബന്ധിച്ചതിനെ തുടർന്ന് 17കാരിയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മതപരിവർത്തനത്തിന് വിധേയയാകാത്തതിനാൽ നിരന്തരമായ മാനസിക, ശാരീരിക പീഡനങ്ങൾക്കാണ് താൻ വിധേയയായതെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. കുട്ടിയുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സ്‌കൂൾ അധികൃതർക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കേസ് മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഭവത്തിൽ ഹോസ്റ്റൽ വാർഡനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റം ഹോസ്റ്റൽ വാർഡന്റെ മേൽ കെട്ടിവെച്ച് മതപരിവർത്തനം മായ്ച്ചുകളയാനാണ് പള്ളിയുടേയും ഡിഎംകെയുടേയും ശ്രമമെന്ന ആരോപണമാണ് ഉയരുന്നത്. സംഭവത്തെ കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കാനാണ് ബിജെപി നാലംഗ സമിതിയെ നിയോഗിച്ചത്.
Comments