ലക്‌നൗ : തെരഞ്ഞെടുപ്പ് പ്രാചരണങ്ങളിൽ പോലും പാകിസ്താനെയും അതിന്റെ സ്ഥാപകനെയും പുകഴ്‌ത്തുന്ന സമാജ്‌വാദി നേതാവ് അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സർദാർ വല്ലഭഭായ് പട്ടേലിന്റെ ആശയങ്ങൾ പിന്തുടരുമ്പോൾ സമാജ്‌വാദി പാർട്ടി പാക് സ്ഥാപകന്റെ ആരാധകരാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അഖിലേഷിനെതിരെ യോഗി രൂക്ഷ വിമർശനം ഉന്നയിച്ചത്.
നാം സർദാർ പട്ടേലിന്റെ ആശയങ്ങൾ പിന്തുടരുമ്പോൾ സമാജ്‌വാദി പാർട്ടി നേതാക്കൾ മുഹമ്മദ് അലി ജിന്നയെ ആരാധിക്കുന്നു. നമ്മൾ മാ ഭാരതിക്ക് വേണ്ടി സ്വന്തം ജീവൻ പോലും ബലിയർപ്പിക്കുമ്പോൾ അവർ പാകിസ്താനെ പുകഴ്‌ത്തുകയാണെന്ന് യോഗി ട്വിറ്ററിൽ കുറിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പരിപാടിയിലാണ് സമാജ്‌വാദി പാർട്ടി നേതാവ് ജിന്നയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നേതാക്കൾ എന്ന് വിശേഷിപ്പിച്ചുകൊണ്ട് മുഹമ്മദ് അലി ജിന്നയെ മഹാത്മാ ഗാന്ധി, സർദാർ വല്ലഭഭായ് പട്ടേൽ, ജവഹർലാൽ നെഹ്‌റു എന്നിവർക്കൊപ്പം അഖിലേഷ് താരതമ്യം ചെയ്യുകയായിരുന്നു. നാല് പേരും ഒരേ സർവ്വകലാശാലയിലാണ് പഠിച്ചത് എന്നും സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഇവർ പോരാടിയത് എന്നുമാണ് അഖിലേഷ് യാദവ് പറഞ്ഞത്. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ ജിന്നയുടെ കാര്യങ്ങളല്ല മറിച്ച് സംസ്ഥാനത്തെ കർഷകരുടെ ആവശ്യങ്ങളെക്കുറിച്ചാണ് നേതാക്കൾ പറയേണ്ടതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. എന്തുകൊണ്ടാണ് പാകിസ്താൻ സ്ഥാപകൻ ജിന്നയുടെ പേര് തെരഞ്ഞെടുപ്പ് വേളയിൽ പലപ്പോഴും ഉയർന്നു കേൾക്കുന്നതെന്ന് തനിക്കറിയില്ലെന്നും യുപി രാഷ്‌ട്രീയത്തിൽ ജിന്നയുടെ പേര് ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പകരം കർഷകരെക്കുറിച്ചാണ് നാം സംസാരിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments