ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇടക്കാല ജാമ്യവും പരോളും ലഭിച്ച തടവുകാരോട് കീഴടങ്ങാൻ നിർബന്ധിക്കരുതെന്ന് കേരളത്തോട് സുപ്രീം കോടതി നിർദ്ദേശിച്ചു. സംസ്ഥാനത്ത് രോഗ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് സുപ്രീംകോടതി നിർദ്ദേശം നൽകിയത്. ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചാണ് നിർദ്ദേശം നൽകിയത്.
ഒരു കൂട്ടം തടവുകാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കീഴടങ്ങൽ വിഷയത്തിൽ കടുത്ത നടപടികൾ പാടില്ലെന്ന് ജസ്റ്റിസ് എൽ നാഗേശ്വര റാവു നിർദേശിച്ചു. തടവുകാർ സമർപ്പിച്ച ഹർജിയിൽ കൂടുതൽ വാദം കേൾക്കാനായി ഫെബ്രുവരി 11ലേക്ക് മാറ്റി.
കൊറോണ സാഹചര്യത്തിൽ ജയിലുകളിലെ തിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ സുപ്രീംകോടതി 2020 മാർച്ചിൽ ഉത്തരവിട്ടിരുന്നു. കേരളത്തിൽ പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്കും വിചാരണ നേരിടുന്നവർക്കും ജാമ്യം അനുവദിച്ചു. 1062 പേർക്ക് ഇടക്കാല ജാമ്യവും, 62 പേർക്ക് പരോളും നൽകി. സംസ്ഥാന സർക്കാർ പ്രിസൺ റൂൾസ് അനുസരിച്ച് 1200 പേർക്കും ജാമ്യം നൽകി. ഈ ജാമ്യകാലാവധി പിന്നീട് നീട്ടി. 2021 സെപ്റ്റംബറിൽ ജാമ്യത്തിൽ ഇറങ്ങിയവരോട് കീഴടക്കാൻ നിർദ്ദേശിച്ചു. എന്നാൽ, കൊറോണ സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടില്ലെന്നും, കീഴടങ്ങാനുള്ള നിർദ്ദേശം സുപ്രീംകോടതി നിർദ്ദേശത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടി ചില തടവുകാർ കോടതിയെ സമീപിക്കുകയായിരുന്നു.
ജാമ്യകാലാവധി അനിശ്ചിതമായി നീട്ടാനാകില്ലെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി സുരേന്ദ്രനാഥ് വാദിച്ചു. കൊറോണ സാഹചര്യം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിച്ചു.
















Comments