ലക്‌നൗ: സമാജ് വാദി പാർട്ടിയും രാഷ്‌ട്രീയ ലോക്ദളും തമ്മിൽ ഉണ്ടാക്കിയ സഖ്യം വോട്ടെണ്ണൽ വരെ മാത്രമേ നിലനിൽക്കൂവെന്ന് കേന്ദ്ര ആഭ്യനന്തരമന്ത്രി അമിത് ഷാ. ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന് നുണ പറയുന്നതിൽ ലജ്ജ തോന്നുന്നില്ല. ശരിയാണെന്ന് സ്ഥാപിക്കും വിധം ഉറക്കെയാണ് അദ്ദേഹം നുണകൾ പറയുന്നത്.സംസ്ഥാനത്തെ ക്രമസമാധാന നില ശരിയല്ലെന്ന് അഖിലേഷ് ആരോപിക്കുന്നു. എന്നാൽ ബിജെപി ഭരണകാലം ഉത്തർപ്രദേശിലെ ക്രമസമാധാന നില മെച്ചപ്പെടുകയാണുണ്ടായതെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
നേരത്തെ സംസ്ഥാനത്തെ തന്റെ ഭരണകാലത്ത് മാഫിയകളേയും ഗുണ്ടകളേയും വളർത്തിയെന്ന് പറയുന്നതിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് ലജ്ജ തോന്നുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
സമാജ് വാദി പാർട്ടി സംസ്ഥാനം ഭരിച്ചിരുന്ന സമയത്തെ ക്രമസമാധാന നിലയുടെ കണക്കുകൾ പുറത്തുകൊണ്ടുവരാൻ അഖിലേഷ് യാദവിനെ അമിത് ഷാ വെല്ലുവിളിച്ചു
നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് മോഷണം 70 ശതമാനം കുറഞ്ഞു. കവർച്ച 69 ശതമാനവും കൊലപാതകം 30 ശതമാനമായും കുറഞ്ഞു. തട്ടിക്കൊണ്ടുപോകൽ 35 ശതമാനവും ബലാത്സംഗം 30 ശതമാനവും കുറഞ്ഞുവെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
ഇത്തവണ എസ്പി സർക്കാർ രൂപീകരിച്ചാൽ ജയിൽവാസം അനുഭവിക്കുന്ന എസ്പി നേതാവ് അസം ഖാൻ മന്ത്രിസഭയുടെ ഭാഗമാകുമെന്നും ആർഎൽഡി അദ്ധ്യക്ഷൻ ജയന്ത് ചൗധരി പുറത്താകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Comments