കോട്ടയം: എംബിഎ മാർക്ക് ലിസ്റ്റ് നൽകാൻ കൈക്കൂലി വാങ്ങിയതിന് വിജലിൻസ് പിടികൂടിയ എംജി സർവ്വകലാശാല സെക്ഷൻ അസിസ്റ്റന്റ് എൽസി ഇടത് യൂണിയന്റെ സജീവ പ്രവർത്തക. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചും വിജിലൻസ് അന്വേഷണം നടത്തും. അതേസമയം പ്രതി ഇടത് യൂണിയൻ പ്രവർത്തകയായതുകൊണ്ടു തന്നെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അറസ്റ്റിലായ എൽസി കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ ഫയലുകളും അടുത്ത ദിവസം വിജിലൻസ് പരിശോധിക്കും. കേസിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് വിദ്യാർത്ഥി സംഘടനകൾ അടക്കം ആവശ്യപ്പെടുന്നത്. സർവ്വകലാശാലയിലെ സിപിഎം അനുകൂല സംഘടനയായ എംജി സർവ്വകലാശാല എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകയാണ് എൽസി.
അതിനിടെ സംഭവത്തിൽ അന്വേഷണം നടത്താൻ സർവകലാശാലയും തീരുമാനിച്ചു. നാളെ ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ അന്വേഷണ സമിതിയെ നിശ്ചയിക്കാനാണ് തീരുമാനം.
സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും വിജിലൻസ് പരിശോധിച്ച് വരികയാണ്. സർവ്വകലാശാലയ്‌ക്ക് വലിയ നാണക്കേട് ഉണ്ടായ സംഭവമായതിനാൽ വിശദമായ അനേഷണം നടത്താനാണ് എംജി സർവകലാശാലയുടെ തീരുമാനം.
എംബിഎ ഫലത്തിലെ അപാകതകൾ മുതലെടുത്താണ് ഉദ്യോഗസ്ഥ തട്ടിപ്പ് നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടു. 2014-16 കാലത്ത് ഏറ്റുമാനൂരിലെ ഒരു സ്വകാര്യ കോളേജിൽ നിന്ന് എംബിഎ കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥിനി പരാജയപ്പെട്ട ഏഴ് വിഷയങ്ങൾ പിന്നീട് എഴുതിയെടുക്കുകയായിരുന്നു. ഒരു വിഷയം മെഴ്‌സി ചാൻസിൽ കഴിഞ്ഞ സെപ്തംബറിലാണ് എഴുതിയത്. പരീക്ഷാഫലത്തെക്കുറിച്ച് വിളിച്ച് അന്വേഷിച്ച വിദ്യാർത്ഥിനിയെ നിങ്ങൾ തോറ്റുപോയി എന്ന് പറഞ്ഞ് കബളിപ്പിച്ച് പണം വാങ്ങുകയായിരുന്നു. പണം നൽകിയാൽ വിജയിപ്പിച്ച് തരാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
മാർക്ക് ലിസ്റ്റുകൾ വേഗത്തിൽ നൽകാമെന്ന് പറഞ്ഞ് എൽസി 1.1 ലക്ഷം രൂപ മുൻപ് വാങ്ങിയിരുന്നു. പ്രൊവിഷണൽ സർട്ടിഫിക്കറ്റിനായി 30,000 രൂപ കൂടി ആവശ്യപ്പെട്ടതോടെ വിദ്യാർത്ഥിനി വിജിലൻസിനെ സമീപിക്കുകയായിരുന്നു. 15,000 രൂപ കൂടി വാങ്ങുന്നതിനിടയിലാണ് വിജിലൻസിന്റെ പിടിയിലായത്.
എൽസിയെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. പരീക്ഷാഭവൻ ഇ വൺ 7 സെക്ഷനിലെ ജീവനക്കാരിയായിരുന്നു എൽസി. 2010 ൽ പ്യൂണായി ജോലിയിൽ കയറിയ ഇവർ പിന്നീട് തസ്തിക മാറ്റത്തിലൂടെ സെക്ഷൻ അസിസ്റ്റന്റ് ആകുകയായിരുന്നു.
















Comments