പനാജി: ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷാ. പോണ്ട നിയമസഭാ മണ്ഡലത്തിൽ നടന്ന പ്രചാരണ പരിപാടിയിലാണ് അമിത് ഷാ ജനങ്ങളെ അഭിസംബോധന ചെയ്തത്. ഉച്ചയ്‌ക്ക് ബോറിമിലെ സായ് ബാബാ ക്ഷേത്രദർശനത്തിന് ശേഷമാണ് അമിത് ഷാ പോണ്ടയിലെത്തി ആദ്യ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്തത്.
‘ബിജെപി ഭരണത്തിലൂടെയാണ് ഗോവയിലെ മണ്ണ് വികസനം എന്താണെന്ന് അറിഞ്ഞത്. കോൺഗ്രസ് നേതാക്കൾക്ക് ഗോവ അവധിക്കാലം ആഘോഷിക്കാനുള്ള ഒരിടം മാത്രമായിരുന്നു. വികസന പ്രവർത്തനങ്ങൾ നടത്തി സംസ്ഥാനത്തിന് പുത്തൻ ഉണർവ്വേകാൻ മുൻ സർക്കാരിന് സാധിച്ചിരുന്നില്ല. എന്നാൽ ബിജെപി ഭരണത്തിലെത്തിയ ശേഷം ഗോവയിലെ സംസ്ഥാന ബജറ്റ് തുക ഉയർത്തി. നാടിന്റെ വികസനത്തിനായി 432 കോടി രൂപയിൽ നിന്നും 2,567 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ ഉയർത്തിയത്’ അമിത് ഷാ പറഞ്ഞു.
ഗോവയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് ഒന്നും ചെയ്തിരുന്നില്ല. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാഴ് വാക്കുകളായി. എന്നാൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം തെരഞ്ഞെടുപ്പിന് നൽകിയ വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റി. ഗോവയിൽ വികനത്തിന്റെ പുതിയ പാത ബിജെപി സർക്കാർ തുറന്ന് നൽകിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ പോണ്ട, സാൻവോർദം, വാസ്‌കോ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് അമിത് ഷായുടെ പ്രചാരണ പരിപാടികൾ. ഇതിനൊപ്പം സംഘടനാ പ്രവർത്തകരുമായി തെരഞ്ഞെടുപ്പ് പ്രവർത്തനവും വിശകലനം നടത്തും. രണ്ട് തെരഞ്ഞടുപ്പ് റാലികളിലാണ് അമിത് ഷാ പങ്കെടുക്കുക. ശേഷം സാൻവോർദമിൽ വീടുകൾ കയറി പ്രചാരണം നടത്തും. വാസ്‌കോ മണ്ഡലത്തിൽ ‘കുട’ പ്രചാരണത്തിനും ഷായുടെ നേതൃത്വത്തിൽ തുടക്കമിടും.
















Comments