ന്യൂഡൽഹി : ഷോറൂം ജീവനക്കാർ അപമാനിച്ച കർഷകനെ ഞെട്ടിച്ച് ആനന്ദ് മഹീന്ദ്ര . കർഷകൻ ആഗ്രഹിച്ച ബൊലേറോ പിക്കപ്പ് ട്രക്ക് വീട്ടിൽ ചെന്നാണ് മഹീന്ദ്ര കമ്പനി കൈമാറിയത് . അന്ന് കെംപഗൗഡയെ അപമാനിച്ച ബെംഗളൂരു ഷോറൂം ജീവനക്കാരാണ് വീട്ടിലെത്തി കെംപഗൗഡ ഓർഡർ ചെയ്ത വാഹനം കൈമാറിയത്. കെംപഗൗഡയോട് അവർ ക്ഷമാപണവും നടത്തി . ഇത്തരമൊരു സംഭവം ആർക്കും ഉണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ല ,വാഹനം കൃത്യമായി എത്തിയതിൽ സന്തോഷമെന്നും കെംപഗൗഡ പറഞ്ഞു.
അതേസമയം കർഷകൻ കെംപെഗൗഡയെ മഹീന്ദ്ര കുടുംബത്തിലേയ്ക്ക് ആനന്ദ് മഹീന്ദ്ര സ്വാഗതം ചെയ്തു . കെംപെഗൗഡയോട് ക്ഷമാപണം നടത്തി മഹീന്ദ്ര ഓട്ടോമോട്ടീവ് ട്വിറ്ററിൽ ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു. ‘ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതിന് കെംപെഗൗഡയ്ക്ക് നന്ദി, ഞങ്ങൾ അദ്ദേഹത്തെ മഹീന്ദ്ര കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു . ജനുവരി 21 ന് ഞങ്ങളുടെ ഡീലർഷിപ്പ് സന്ദർശിച്ചപ്പോൾ കെംപഗൗഡയ്ക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. വാഗ്ദാനം ചെയ്തതുപോലെ, ഞങ്ങൾ ഉചിതമായ നടപടികൾ സ്വീകരിച്ചു, ഇപ്പോൾ പ്രശ്നം പരിഹരിച്ചു,” കമ്പനി പറഞ്ഞു.
അതേ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് മഹീന്ദ്ര സിഇഒ ആനന്ദ് മഹീന്ദ്രയും ‘ കെംപഗൗഡയെ ഞാനും സ്വാഗതം ചെയ്യുന്നു ‘ എന്ന് കുറിച്ചു.
നേരത്തെ സംഭവത്തെ പരാമർശിച്ച് ആനന്ദ് മഹീന്ദ്ര തന്റെ നിലപാട് വ്യക്തമാക്കി ട്വിറ്ററിൽ എത്തിയിരുന്നു. “നമ്മുടെ കമ്മ്യൂണിറ്റികളെയും എല്ലാ പങ്കാളികളെയും ഉയർച്ചയ്ക്ക് പ്രാപ്തരാക്കുക എന്നതാണ് @MahindraRise-ന്റെ പ്രധാന ലക്ഷ്യം. വ്യക്തിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുക എന്നതാണ് ഒരു പ്രധാന മൂല്യം. ഈ തത്ത്വചിന്തയിൽ നിന്നുള്ള ഏതൊരു വ്യതിചലനവും വളരെ അടിയന്തിരമായി പരിഹരിക്കപ്പെടും,” അദ്ദേഹം ട്വീറ്റ് ചെയ്തു.
പിക്കപ്പ് വാഹനത്തിന്റെ വില 10 രൂപയല്ല, 10 ലക്ഷമാണെന്നു പറഞ്ഞാണ് തൂമക്കൂരുവിലെ കർഷകൻ കെംപെഗൗഡയെ ഷോറൂം ജീവനക്കാരൻ ആക്ഷേപിച്ചത് . ഇത്രയും ആളുകളെയും കൂട്ടി വരേണ്ട ആവശ്യമില്ലെന്നു പറഞ്ഞ എക്സിക്യുട്ടീവ് കർഷകരുടെ വേഷത്തെയും കളിയാക്കി. പിന്നാലെ അര മണിക്കൂറിനുള്ളിൽ 10 ലക്ഷം രൂപ സമാഹരിച്ച് തിരിച്ചെത്തിയ ഗൗഡ വാഹനം ആവശ്യപ്പെട്ടത് വൻ വാർത്തയായിരുന്നു.
















Comments