ന്യൂഡൽഹി: ബിഹാറിൽ ബിജെപിയെ നേരിടാൻ കോൺഗ്രസും ആർജെഡിയും രൂപീകരിച്ച മഹാഗഡ്ബന്ധൻ സഖ്യം വഴിപിരിയുന്നു. എൽസി തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം മത്സരിക്കാൻ ഇല്ലെന്ന നിലപാടിലാണ് ആർജെഡി.
24 എൽസി സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവ് ആണ് കോൺഗ്രസുമായി ചേർന്ന് മത്സരിക്കാൻ താൽപര്യമില്ലെന്ന് തുറന്ന് പറഞ്ഞത്. തുടർന്ന് 24 സീറ്റുകളിലും സ്വന്തം സ്ഥാനാർത്ഥികളെ നിർത്താൻ ശേഷിയുണ്ടെന്ന് കോൺഗ്രസും നിലപാട് എടുത്തു. അതേസമയം 2016 ൽ 24 സീറ്റുകളിൽ നാലെണ്ണത്തിൽ മാത്രമാണ് കോൺഗ്രസ് മത്സരിച്ചത്. അതിൽ ഒരെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്.
ഒക്ടോബറിൽ കുശേശ്വർ സ്ഥാനിലും താരാപൂരിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ആർജെഡിയും കോൺഗ്രസും രണ്ടായിട്ടാണ് മത്സരിച്ചത്. ലെജിസ്‌ളേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ചകൾക്കായി ആർജെഡിക്ക് കത്ത് നൽകിയെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് കോൺഗ്രസ് തുറന്നു സമ്മതിക്കുന്നു.
തേജസ്വിയുടെ പിതാവും സോണിയാ ഗാന്ധിയുമായി അടുപ്പവുമുളള ലാലു പ്രസാദ് യാദവുമായി കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ചയ്‌ക്ക് സമയം ചോദിച്ചെങ്കിലും ഇത് പോലും അനുവദിച്ചില്ല. ഉപതെരഞ്ഞെടുപ്പിന് ശേഷം ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കുമെന്നും കോൺഗ്രസിന് ആറോ ഏഴോ സീറ്റുകൾ നൽകുമെന്നും ലാലു യാദവ് പറഞ്ഞിരുന്നതായി ബിഹാർ കോൺഗ്രസ് അദ്ധ്യക്ഷൻ മദൻ മോഹൻ ഝാ ഓർമ്മിപ്പിച്ചു.
വിവരങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ടെന്നും അവിടെ നിന്നുളള തീരുമാനമനുസരിച്ച് ആയിരിക്കും 24 സീറ്റുകളിൽ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും മദൻ മോഹൻ ഝാ പറഞ്ഞു.
















Comments