ലണ്ടൻ : ബ്രിട്ടീഷ് പാർലമെന്റിൽ എല്ലാവർക്കും മുന്നിൽ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ചെയ്യാൻ പാടില്ലാത്തത് ചെയ്‌തെന്നും വിഷയം കൈകാര്യം ചെയ്തതിൽ തെറ്റുപറ്റിയെന്നും ബോറിസ് ജോൺസൺ പറഞ്ഞു. കൊറോണ ലോക്ക്ഡൗൺ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന പാർട്ടിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബോറിസ് ജോൺസൺ ക്ഷമ പറഞ്ഞത്. അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ പ്രധാനമന്ത്രിയുടെ രാജിക്ക് സാധ്യതയേറുകയാണ്.
2020 മേയ് മാസത്തിൽ ലോക്ഡൗൺ കാലത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സർക്കാർ മന്ദിരങ്ങളിലും വിരുന്നുകൾ നടന്നിട്ടുണ്ടെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. എല്ലാവരും കൊറോണ മാനദണ്ഡങ്ങൾ പാലിച്ചപ്പോൾ പ്രധാനമന്ത്രി സ്വന്തം വസതിയിൽ മദ്യസൽക്കാരം നൽകിയെന്നും മാനദണ്ഡങ്ങൾ പൂർണമായും കാറ്റിൽ പറത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡ്രൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിൽ മദ്യപാന പാർട്ടി നടത്തിയതിന്റെ പേരിൽ സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് പോലും ബോറിസ് ജോൺസണെതിരെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. ബോറിസ് ജോൺസൺ രാജിവെക്കണമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. അതിനിടെയാണ് 2021 ഏപ്രിൽ 16 നു രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് രണ്ടു മദ്യസൽക്കാരം നടന്നത്. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചു. ഇതിന് പിന്നാലെയാണ് അദ്ദേഹം മാപ്പ് ചോദിച്ചുകൊണ്ട് രംഗത്തെത്തിയത്.
Comments