ന്യൂഡല്‍ഹി: ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ‘ ഒരു ക്ലാസിന് ഒരു ചാനല്‍’ പദ്ധതി വിപുലീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പിഎം ഇ-വിദ്യയുടെ കീഴിലുള്ള ഈ പദ്ധതി 12ല്‍ നിന്ന് 200 ടിവി ചാനലുകളായാണ് വിപുലീകരിക്കുന്നത്. ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പ്രാദേശിക ഭാഷകളില്‍ അനുബന്ധ വിദ്യാഭ്യാസം നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങളേയും ഇത് പ്രാപ്തമാക്കും.
ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കും. കൊറോണ ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ രംഗത്തെ ബാധിച്ചിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം കൂടുതലായി വ്യാപിപ്പിക്കും. ഓഡിയോ, വിഷ്വല്‍ പഠനരീതികള്‍ക്ക് പ്രാമുഖ്യം നല്‍കും.
അംഗന്‍വാടികളില്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കും. സക്ഷം അംഗന്‍വാടി പദ്ധതിയില്‍ രണ്ട് ലക്ഷം അങ്കവാടികളെ ഉള്‍പ്പെടുത്തും. അംഗന്‍വാടികള്‍ ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരീകരിക്കും. പ്രകൃതി സൗഹാര്‍ദ്ദപരമായ സീറോ ബജറ്റ് ഓര്‍ഗാനിക് ഫാമിങ്, ആധുനിക കാല കൃഷി എന്നിവ കൂടുതല്‍ വിപുലീകരിക്കുന്നതിനായി കാര്‍ഷിക സര്‍വകലാശാലകളിലെ സിലബസ് നവീകരിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി ബജറ്റില്‍ വ്യക്തമാക്കി.
Comments