ന്യൂഡൽഹി: കാർഷിക മേഖലയ്‌ക്ക് പ്രതീക്ഷകൾ നൽകി കേന്ദ്ര ബജറ്റ്. കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ഗ്രാമീണ മേഖലയിലേയും കാർഷിക മേഖലയിലേയും സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിന് നബാർഡ് വഴി സാമ്പത്തിക സഹായം നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. സ്റ്റാർട്ടപ്പുകൾ കർഷക സംഘടനകൾക്ക് സഹായം നൽകുന്നുണ്ടെന്നും കർഷകർക്ക് സാങ്കതേിക വിദ്യകളിൽ സഹായം നൽകുന്നുണ്ടെന്ന ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2021-22 വർഷം കാർഷിക മേഖലയിൽ ഇന്ത്യ മികച്ച പുരോഗതി നേടുമെന്ന് ധനമന്ത്രി പറഞ്ഞു. ജൈവ കൃഷിയെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്ക് ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. മിനിമം താങ്ങുവില ഉറപ്പാക്കും. ഇതിനായി 2.73 കോടി രൂപയാണ് നീക്കി വെക്കുന്നത്.ഇത് നേരിട്ട് കർഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തും.പ്രാദേശിക ഉത്പന്നങ്ങളുടെ വിതരണ ശൃംഖല സുഗമമാക്കാൻ വൺ സ്റ്റേഷൻ വൺ പ്രൊഡക്ട് എന്ന ആശയവും നടപ്പിലാക്കും. കാർഷിക ഗതാഗത മാർഗങ്ങൾ എളുപ്പമാക്കാൻ റെയിൽവേയിലും മാറ്റങ്ങൾ കൊണ്ടുവരും.
റാബി സീസണിലെ ഗോതമ്പിന്റെ ശേഖരവും ഖാരിഫ് സീസണിലെ ശേഖരവും 1208 മെട്രിക് ടൺ ആയി ഉയർത്താൻ സാധിച്ചു. നബാർഡുമായി സഹകരിച്ച് ഗ്രാമീണ മേഖലയിലെ കർഷകർക്ക് സാമ്പത്തിക സഹായത്തിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
















Comments