കൊച്ചി ; വഴിയെ പോകുന്ന ആർക്കും ദിലീപിനെതിരെ കേസ് കൊടുക്കാമെന്ന അവസ്ഥയാണെന്ന് നിർമ്മാതാവ് സുരേഷ് കുമാർ . ദിലീപിന്റെ ഐ ഫോൺ സർവ്വീസ് ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചതിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണമുയർന്നിരുന്നു . ഇതിൽ പ്രതികരിക്കുകയായിരുന്നു സുരേഷ് കുമാർ.
‘ പോലീസ് ഇപ്പോൾ ചെയ്യുന്നത് ശരിയായ നടപടിയായി എനിക്ക് തോന്നുന്നില്ല. നാളെ ദിലീപിന്റെ കാർ ശരിയാക്കിയ വർക്ക്ഷോപ്പിലെ ജീവനക്കാരിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ അതും ദിലീപിന്റെ പേരിലാകുമോ . ദിലീപിനെ ക്രിമിനൽ ആയി മുദ്രകുത്തണമെന്ന ലക്ഷ്യത്തോടെയാണ് ചില ആളുകൾ ഇങ്ങനെ ചെയ്യുന്നത്. ഇത് എന്ത് കഷ്ടമാണ് .ഒരാളെ ഇങ്ങനെ തേജോവധം ചെയ്യുന്നതിന് പരിധിയില്ലേ ‘ സുരേഷ് കുമാർ ചോദിച്ചു.
കോടതിയിൽ ഒരു കേസ് തീരാറായ സമയത്താണ് പുതിയ കാര്യങ്ങൾ എടുത്തുകൊണ്ടു വരുന്നത്. ഒരു കേസ് തീരാറായ സമയത്ത് ബാലചന്ദ്രകുമാർ എന്നൊരാൾ വരുന്നു . അയാൾ വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നു . അതൊരു കേസാകുന്നു . ഇത് വിശ്വസിക്കുന്ന കുറെ പേർ ഉണ്ട്. എന്നാൽ ബാക്കിയുള്ളവരൊക്കെ മണ്ടന്മാരാണോ? പോലീസ് വളഞ്ഞിട്ട് ആക്രമിക്കുന്നതു പോലെയാണ് എനിക്കു തോന്നുന്നത് .
ദിലീപിന്റെ സംഘടനയിലെ ആളുകൾ പോലും സംസാരിക്കുന്നില്ല. അവർക്കൊക്കെ ആരെയോ ഭയമാണ്. എന്തിന് ഭയക്കണം? ഒരു സിനിമയിൽ വർക്ക് ചെയ്യാൻ വന്നിട്ട്, അതു നടക്കാതെ പോയതിന്റെ വൈരാഗ്യം വച്ചല്ലേ ഇപ്പോൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ഒരാളെ നശിപ്പിക്കുക എന്നതിൽ കവിഞ്ഞ് വേറൊന്നും ഇതിൽ കാണാൻ കഴിയില്ല. എന്നിട്ട്, ഇൻഡസ്ട്രി മുഴുവൻ മിണ്ടാതിരിക്കുകയാണ്.
മാനസികമായും അല്ലാതെയുമുള്ള ഇത്തരം പീഡനങ്ങൾ എങ്ങനെ സഹിക്കും? വേറെ ആർക്കെങ്കിലും ഇതുപോലെ ഉണ്ടാകുന്നുണ്ടോ . ഒരാൾ അപകടത്തിൽ മരിക്കുന്നു. അവിടെ സിസിടിവി കാണില്ലേ? ഇതൊക്കെ ആരോ ബോധപൂർവ്വം ചെയ്യിപ്പിക്കുന്നതാണ്. ഇനിയും വരും ഇതുപോലെ ഓരോ സംഭവങ്ങൾ! ആ കേസ് തീരുന്നതു വരെ ഇങ്ങനെ ഓരോന്ന് പൊക്കിക്കൊണ്ടു വന്നു കൊണ്ടിരിക്കും . അയാളുടെ അമ്മ ഒഴിച്ച് ബാക്കി കുടുംബത്തെ മുഴുവനെയും തേജോവധം ചെയ്യുന്ന രീതിയിലല്ലേ കാര്യങ്ങൾ നടക്കുന്നത്. ഇത് വളരെ കഷ്ടമാണ്. ആ അമ്മയ്‌ക്കെതിരെയും ആരോപണങ്ങൾ ഉയർത്താമായിരുന്നല്ലോ? എന്തിനാണ് അവരെ മാത്രം ഒഴിവാക്കിയത്? ഇനി ബാക്കി ആരുമില്ലല്ലോ ആ കുടുംബത്തിൽ എന്നും സുരേഷ് കുമാർ പറയുന്നു.
















Comments