അബുദാബി: വർദ്ധിച്ച മൂലധന ചിലവിലൂടെ സമഗ്ര വളർച്ചയാണ് കേന്ദ്ര ബജറ്റ് വിഭാവനം ചെയ്യുന്നതെന്ന് വിപിഎസ് ഹെൽത്ത്‌കെയർ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ വളർച്ചാ എഞ്ചിനെ ഉത്തേജിപ്പിച്ച് മഹാമാരി സൃഷ്ടിച്ച ആഘാതങ്ങളിൽ നിന്ന് സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ബൂസ്റ്റർ ഡോസായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ പ്രഖ്യാപിച്ച സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയും 5ജി സേവനങ്ങൾ നടപ്പാക്കാനുള്ള പദ്ധതിയും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഈ മേഖലയിലെ അവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പ്രതികരിച്ചു.
പ്രധാനമന്ത്രി ഗതിശക്തി യോജന ഇന്ത്യയിലെ സ്വകാര്യ, എൻആർഐ നിക്ഷേപങ്ങളിൽ വലിയ സ്വാധീനം ചെലുത്തും. ആരോഗ്യ പരിപാലന മേഖലയ്‌ക്ക് സർക്കാർ മുൻഗണന നൽകുന്നത് സ്വാഗതാർഹമാണ്. വാക്‌സിനേഷനുള്ള ഉദ്യമം സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നതും സ്വാഗതാർഹമാണ്.
മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സർക്കാരിന്റെ ഊന്നലും എടുത്തുപറയേണ്ടിയിരിക്കുന്നു. ‘നാഷണൽ ടെലി മെന്റൽ ഹെൽത്ത്’ പരിപാടി ആരംഭിക്കുമെന്ന പ്രഖ്യാപനം എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും പ്രയോജനകരമാകും. അതോടൊപ്പം, ദേശീയ ഡിജിറ്റൽ ഇക്കോസിസിസ്റ്റം സാർവത്രിക ആരോഗ്യപരിരക്ഷയ്‌ക്കായുള്ള ശ്രമങ്ങൾക്ക് കരുത്തേകുംമെന്നും വിപിഎസ് ഹെൽത്ത്‌കെയർ എം.ഡി അഭിപ്രായപ്പെട്ടു.














Comments