പാലക്കാട് : മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന വനവാസി യുവാവ് മധുവിന്റെ കേസിൽ പുനരന്വേഷണം വേണമെന്ന് കുടുംബം. മമ്മുട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി. നന്ദകുമാറിനോടാണ് കുടുംബം ഈ ആവശ്യം ഉന്നയിച്ചത്. പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന് അറിയിച്ചുകൊണ്ട് കത്തെഴുതാനും ഇത് മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അഡ്വ നന്ദകുമാർ പറഞ്ഞു.
സമൂഹമാദ്ധ്യമങ്ങളിൽ ചിലർ ഇപ്പോഴും തങ്ങളെ വേട്ടയാടുകയാണെന്ന് കുടുംബം ചൂണ്ടിക്കാട്ടി. പ്രതികളിൽ നിന്ന് പണം കൈപ്പറ്റി കേസ് ഒത്ത് തീർപ്പാക്കാൻ ശ്രമിക്കുന്നതായാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നതെന്നും കുടുംബം പറഞ്ഞു. മധു എല്ലാവരോടും സ്‌നേഹമുള്ള മനുഷ്യനായിരുന്നു. വീട്ടിൽ നിൽക്കാൻ താത്പര്യം ഉണ്ടായിരുന്നില്ല. കാണുന്നവർക്ക് എല്ലാം എന്തും കൊടുത്തിരുന്നു. ആളുകൾ കൂടുതൽ സ്‌നേഹം കാണിക്കാൻ തുടങ്ങുമ്പോൾ കാട്ടിലേക്ക് പോകാറാണ് പതിവ്. കാട്ടിൽ നിന്നും കിട്ടുന്ന സാധനങ്ങൾ എല്ലാവർക്കും നൽകും. കാട്ടിലെ ഗുഹയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ് പതിവ്. അവസാനം ജിമുഡി എന്ന സ്ഥലത്ത് ഗുഹയിലാണ് താമസിച്ചിരുന്നത് എന്നും സഹോദരി പറയുന്നു.
മധുവിന്റെ അമ്മയേയും സഹോദരിയേയും കണ്ട് സംസാരിച്ചെന്നും അവർക്ക് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അഭിഭാഷകൻ അറിയിച്ചു. ഇത് സംബന്ധിച്ച് അപേക്ഷയുമായി മുഖ്യമന്ത്രിയെ സമീപിക്കാനാണ് തീരുമാനം. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മധുവിന്റെ കുടുംബം പ്രതിയിൽ നിന്ന് പണം വാങ്ങിച്ചെന്ന വാർത്ത പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ പോലീസിൽ പരാതി നൽകുമെന്നും അഭിഭാഷകൻ അറിയിച്ചു. കേസ് സംബന്ധിച്ച് കുടുംബത്തിന് എല്ലാ സഹായവും മമ്മൂട്ടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മധുവിന്റെ കൊലപാതകം കഴിഞ്ഞ ആഴ്ച കോടതി പരിഗണിക്കുമ്പോൾ സ്‌പെഷൽ പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. തുടർന്ന് സ്‌പെഷൽ പ്രോസിക്യൂട്ടർ എവിടേയെന്ന് മണ്ണാർക്കാട് കോടതി ചോദിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ മധുവിന്റെ വീട്ടുകാർ സ്‌പെഷൽ പ്രോസിക്യൂട്ടർക്ക് എതിരെ രംഗത്തെത്തി. കേസ് സിബിഐ അമ്പേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
















Comments