ന്യൂഡൽഹി: അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള താലിബാന്റെ ഭരണകൂട ത്തിനെ കൈ അയച്ച് സഹായിക്കേണ്ടതില്ലെന്ന നിലപാടിൽ ഇന്ത്യ. അതേസമയം നേപ്പാളിനേയും ഭൂട്ടാനേയും ബംഗ്ലാദേശിനേയും ശക്തിപ്പെടുത്താൻ സാമ്പത്തിക സഹായം വർദ്ധിപ്പിച്ചെന്ന് ബജറ്റിനെ ഉദ്ധരിച്ച് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യവകുപ്പിനായി 17250 കോടി രൂപയാണ് കേന്ദ്രധനകാര്യമന്ത്രാലയം വകയിരുത്തിയിട്ടുള്ളത്. ഇതിൽ ഏറെ ശ്രദ്ധേയമായ കാര്യം അയൽ രാജ്യങ്ങൾക്കും ആഫ്രിക്കൻ രാജ്യങ്ങൾക്കുമായി 6292 രൂപ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഫ്ഗാനിലെ അവസ്ഥ പരിതാപകരമാണ്. താലിബാന്റെ നയങ്ങൾ ജനവിരുദ്ധമായി തുടരുകയാണ്. എന്നിരുന്നാലും ജനങ്ങൾക്കായി എന്ത് അടിയന്തിര സഹായവും ചെയ്യുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ബജറ്റിൽ വിദേശരാജ്യങ്ങൾക്കുള്ള ദുരിതാശ്വാസ പ്രവർത്തനത്തിനായി നീക്കിവെച്ച തുകയിലെ കുറവിനെക്കുറിച്ചുള്ള സംശയത്തിനാണ് വിദേശകാര്യമന്ത്രാലയം മറുപടി നൽകിയത്.
2021-22 വർഷത്തിൽ അഫ്ഗാനായി നീക്കിവെച്ചത് 350 കോടിയായിരുന്നെങ്കിൽ ഇത്തവണ 43 ശതമാനം കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനിടെ ഇറാനിലെ ചാബഹാർ തുറമുഖം വികസിപ്പിക്കാൻ ഇന്ത്യ 100 കോടി മാറ്റിവച്ചിരിക്കുന്നത് അഫ്ഗാനിലേക്ക് ചരക്കുഗതാഗതവും കൂടി ലക്ഷ്യമാക്കിയാണ്. താലിബാൻ ഭരണംപിടിച്ചശേഷം ഇന്ത്യ നാല് കോൺസുലേ റ്റുകളടക്കം കാബൂളിലെ എംബസിയും അടച്ചിരുന്നു. ഒപ്പം അഫ്ഗാനിൽ തുടർന്നിരുന്ന ചെറുതും വലുതുമായ നിർമ്മാണ പ്രവർത്തനങ്ങളും സ്തംഭിപ്പിച്ചിരിക്കുകയാണ്.
നേപ്പാൾ,ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കായി വികസന-ആരോഗ്യ മേഖലയ്‌ക്കാ യിട്ടാണ് തുക നൽകുക. ബംഗ്ലാദേശിന് 200 കോടിയിൽ നിന്നും സഹായ ധനം 300 ആക്കി ഉയർത്തിയിട്ടുണ്ട്. ചൈനയുടെ സ്വാധീനം രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കാതി രിക്കാനുള്ള ശക്തമായ നയതന്ത്രമാണ് ഇന്ത്യ ബംഗ്ലാദേശിനോടും നേപ്പാളിനോടും ഭൂട്ടാനോടും സ്വീകരിച്ചിട്ടുള്ളത്.
















Comments