പത്തനംതിട്ട: പമ്പ മണപ്പുറത്ത് സ്വകാര്യ ട്രസ്റ്റിന് മേള നടത്താൻ അനുവാദം നൽകിയ ദേവസ്വം ബോർഡ് നടപടിക്കെതിരെ വിശ്വഹിന്ദു പരിഷത് രംഗത്ത്. ഈ മാസം 19 മുതൽ 27 വരെ രാമായണ കഥ എന്നപേരിൽ മേള നടത്താൻ സ്വകാര്യ ട്രസ്റ്റിന് ദേവസ്വം ബോർഡ് നൽകിയ അനുമതിയാണ് വിവാദത്തിലായത്.
പമ്പയെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബോർഡിന്റെ നടപടിയെന്നും ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിശ്വഹിന്ദു പരിഷത് പ്രസ്താവനയിലൂടെ അറിയിച്ചു. കൊറോണയുടെ പേരിൽ പമ്പയിൽ ഭക്തജനങ്ങൾക്ക് ആചാരങ്ങൾക്ക് പോലും നിയന്ത്രണം ഏർപ്പെടുത്തിയപ്പോഴാണ് സ്വകാര്യ ട്രസ്റ്റിന് മേള നടത്താൻ അനുമതി നൽകിയതെന്ന് വി.എച്ച്.പി ആരോപിച്ചു.
ഏതു സ്വഭാവത്തിലുള്ള ട്രസ്റ്റാണെന്നു പോലും വൃക്തമാക്കാതെ കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് പമ്പയിൽ ദേവസ്വം ബോർഡിന്റെ സൗകര്യങ്ങൾ ഉപയോഗിച്ച് മേള നടത്താൻ അനുമതി നൽകിയ ബോർഡ് നടപടി പ്രതിഷേധാർഹമാണെന്ന് വിശ്വഹിന്ദുപരിഷത് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
നന്ദകിഷോര ബജാരിയ എന്ന സ്വകാര്യ ട്രസ്റ്റിനാണ് ഈ മാസം19 മുതൽ 27 വരെ രാമകഥാ മേള എന്ന പേരിൽ പമ്പാ മണപ്പുറത്ത് പരിപാടി നടത്താൻ അനുമതി നൽകിയത്. കൊറോണ മൂന്നാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നടത്താനൊരുങ്ങുന്ന ഈ സ്വകാര്യപരിപാടി സംശയാസ്പദമാണ്. ഇക്കാര്യങ്ങളിൽ ദേവസ്വംബോർഡ് വിജിലൻസ് അന്വേഷണം നടത്തി കൂടുതൽ വ്യക്തത വരുത്തണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. പരിപാടി നടന്നാൽ ധർമ്മ സമരത്തിലൂടെ വിഎച്ച്പി എതിർക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി പറഞ്ഞു. ഭക്തരുടെ വികാരം മനസിലാക്കി ദേവസ്വം ബോർഡ് എത്രയും വേഗം അനുമതി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരിപാടി നടത്താൻ അനുമതി നൽകിയ ദേവസ്വം സെക്രട്ടറിയുടെ ഉത്തരവിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത് വ്യക്തമാക്കി. ബലിതർപ്പണം പോലുള്ള ചടങ്ങുകൾക്ക് പമ്പയിൽ വിലക്കേർപ്പെടുത്തിയ ബോർഡും ഗവൺമെന്റും ഇത്തരം സ്വകാര്യ ചടങ്ങുകൾക്ക് അനുവാദം നൽകിയതിന്റെ പിന്നിലെ രഹസ്യം ഭക്തജനങ്ങളോട് വെളിപ്പെടുത്താൻ തയ്യാറാകണമെന്നും വിശ്വഹിന്ദു പരിഷത് ആവശ്യപ്പെട്ടു.
Comments