കാബൂൾ: അഫ്ഗാനിസ്ഥാനിൽ ദുരൂഹസാഹചര്യത്തിൽ വനിതാ നേതാക്കളെ കാണാതാകുന്നതായി വിവരം. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീകളെയാണ് കാണാതാകുന്നതെന്നാണ് വിവരം.
താലിബാൻ ഭീകരർ വനിതാ പ്രവർത്തകരെ രാത്രിയിൽ വീടുകളിലെത്തി തട്ടിക്കൊണ്ട് പോകുന്നുവെന്ന ആരോപണം ശക്തമാണ്. എന്നാൽ ഈ ആരോപണങ്ങളെല്ലാം പാടെ നിഷേധിക്കുകയാണ് താലിബാൻ. വനിതാ നേതാക്കളെ കാണാതാകുന്നതിന് പിന്നിൽ തങ്ങളെല്ലെന്നാണ് താലിബാൻ വാദിക്കുന്നത്.
ഇതിനിടെ പകപോക്കലിനായി വനിതാ നേതാക്കളെ തട്ടിക്കൊണ്ട് പോകുന്നത് അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്‌ട്രസഭ താലിബാനോട് ആവശ്യപ്പെട്ടു.കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് ആറു പ്രധാന നേതാക്കളെയാണ് കാണാതായത്.
സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള അവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് കാബൂളിൽ പ്രക്ഷോഭം നടത്തിയ വനിതാകൂട്ടായ്മയിലെ മുൻനിര നേതാവിനെയാണ് അവസാനമായി കാണാതാകുന്നത്. ഇന്നലെ രാത്രിയോടെ ഇവരെ വീട്ടിൽ നിന്നും താലിബാൻ ഭീകരർ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് കുടുംബം ആരോപിച്ചു.
കഴിഞ്ഞമാസം കാബൂളിൽ സ്ത്രീകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശം പുന:സ്ഥാപിക്കുക, തൊഴിൽ ചെയ്ത് ജീവിക്കാൻ സ്ത്രീകൾക്കും അവസരം നൽകുക, രാഷ്‌ട്രീയ അവകാശം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്ത്രീ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തിയത്.
ഇതിൽ നേതൃത്വം വഹിച്ചവരെയാണ് ഈയാഴ്ച കാണാതായത്. പർവാന ഇബ്രാഹിം, തമന്ന പയാനി, അവരുടെ സഹോദരികളായ സർമിന, ഷഫീഖ, കരീമ എന്നിവരെയാണ് ഈയാഴ്ച കാണാതായത്. ജനുവരി പത്തൊമ്പതിനാണ് പർവാന ഇബ്രാഹിമിനെ കാണാതായത്. അതിനു പിന്നാലെ ഓരോരുത്തരെയായി കാണാതാവുകയായിരുന്നു.
.
















Comments