ന്യൂഡല്‍ഹി: സരസ്വതി ദേവിയെ ആരാധിക്കുന്ന ദിവസമാണ് വസന്തപഞ്ചമി. അറിവിന്റെയും ജ്ഞാനത്തിന്റെയും കലയുടെയും സംഗീതത്തിന്റെയും ദേവിയാണ് സരസ്വതി. വസന്തപഞ്ചമിക്ക് ദേവിയെ വിശ്വാസികള്‍ മഞ്ഞവസ്ത്രം ധരിപ്പിക്കുകയും മഞ്ഞനിറത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
വിശുദ്ധമാസമായ മാഗമാസത്തിലാണ് വസന്തപഞ്ചമി ആഘോഷം. വസന്തപഞ്ചമിയില്‍ മഞ്ഞനിറത്തിന് പ്രാധാന്യം കിട്ടാന്‍ കാരണം പലതാണ്. മഞ്ഞനിറം ഊര്‍ജ്ജത്തിന്റെ നിറമാണ്. അറിവിന്റെയും ജ്ഞാനത്തിന്റെയും നിറവുമാണ് മഞ്ഞ. ഈ കാരണംകൊണ്ടാണ് മഞ്ഞയ്‌ക്ക് പ്രാധാന്യമേറെയുള്ളത്.
കൂടാതെ കടുകുപാടങ്ങള്‍ മഞ്ഞനിറത്തില്‍ പൂവിട്ടുനിന്ന് മഞ്ഞപ്പട്ടുപരവതാനി വിരിച്ചുനില്‍ക്കുന്ന കാഴ്ചകള്‍ വസന്തപഞ്ചമിനാളിന്റെ പ്രത്യേകതയാണ്. വസന്തത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്നതിന്റെ പ്രതീകം കൂടിയാണ് ഈ നിറം. അതുകൊണ്ടാണ് ഈ നിറത്തെ ആഘോഷത്തിന്റെ ഭാഗമാക്കുന്നത്. അതിനാല്‍ വസന്തപഞ്ചമിക്ക് മഞ്ഞ വസ്ത്രം ധരിക്കുകയും മഞ്ഞഭക്ഷണം തയ്യാറാക്കുകയും വീട് മഞ്ഞപ്പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും ദേവിക്ക് മഞ്ഞസാരി സമര്‍പ്പിക്കുകയും ചെയ്യുന്നു.
സരസ്വതി ദേവിയുടെ നാല് കൈകള്‍ മനസ്, ബുദ്ധി,ചിത്തം, ആത്മബോധം എന്നിവയെ പ്രതിനിധീകരിക്കുന്നു. ശുഭ്രവസ്ത്രമോ, മഞ്ഞയോ ധരിച്ച് വീണാവാദിനിയായി താമരയില്‍ ഇരിക്കുന്ന സരസ്വതി ദേവി ഇടതുകയ്യില്‍ വേദപുസ്തകവും വലതുകയ്യില്‍ ജപമാലയും മയില്‍പ്പീലിയും ധരിച്ച രൂപത്തിലുള്ള വിഗ്രഹമാണ് നാം കാണുന്നത്.
വേദം വിജ്ഞാനത്തെയും മയില്‍പ്പീലി പേനയേയും ജപമാല കേന്ദ്രീകൃത ശക്തിയേയും പ്രതിനിധീകരിക്കുന്നു. സരസ്വതിയെ ആരാധിക്കുന്നത് അറിവും ജ്ഞാനവും നേടാനാണ്. അരയന്നമാണ് സരസ്വതിയുടെ വാഹനം. ഇതിന് പാലില്‍ നിന്ന് വെളളത്തെ വേര്‍തിരിക്കാനുള്ള കഴിവുണ്ട്. അതുപോലെ നല്ലതും ചീത്തയും തിരിച്ചറിയാന്‍ മനുഷ്യന് പ്രചോദനമാകുന്നതാണ് വസന്തപഞ്ചമി ആഘോഷം
















Comments