ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഓഹരി വില ഇടിഞ്ഞു. ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെയാണ് മെറ്റയുടെ ഓഹരി വില ഇടിഞ്ഞത്. ആദ്യമായിട്ടാണ് മെറ്റയുടെ ഓഹരിവില ഇത്രയും ഇടിയുന്നത്.
ഒരു ദിവസംകൊണ്ട് 26 ശതമാനത്തിന്റെ ഇടിവാണ് മെറ്റയ്‌ക്കുണ്ടായത്. ഇതോടെ കമ്പനിയുടെ വിപണിമൂല്യത്തിൽ നിന്നും 22,000 കോടി ഡോളറും, സിഇഒ മാർക്ക് സക്കർബർഗിന്റെ ആസ്തിയിൽ നിന്നും ഏകദേശം 29 ബില്യൺ ഡോളറും നഷ്ടമായി.
റോയിട്ടേഴ്‌സിന്റെ വിശകലന പ്രകാരം, യുഎസ് പൊതു മേഖലാ സ്ഥാപനത്തിന്റെ വിപണിമൂല്യത്തിൽ ഇത്രയും വലിയൊരു ഇടിവ് സംഭവിക്കുന്നത് ഇതാദ്യമായാണ്. 2012ൽ വാൾസ്ട്രീറ്റ് അരങ്ങേറ്റത്തിന് ശേഷം കമ്പനിയുടെ ഏറ്റവും മോശമായ ഏകദിന നഷ്ടമാണിത്.
ആപ്പിൾ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ വരുത്തിയ പ്രൈവസി മാറ്റങ്ങളാണ് തിരിച്ചടിയായതെന്ന് മെറ്റ വിശദീകരിച്ചു. മറ്റ് സോഷ്യൽ മീഡിയ ആപ്പുകൾക്ക് വലിയ പ്രചാരം ലഭിക്കുന്നതാണ് ഫേസ്ബുക്കിന് വെല്ലുവിളിയാകുന്നതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ മൂന്ന് മാസത്തോളമായി ലാറ്റിൻ അമേരിക്കയിലേയും ആഫ്രിക്കയിലേയും ഫേസ്ബുക്ക് ഉപഭോക്താക്കളിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ 18 വർഷത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു വീഴ്ച സംഭവിക്കുന്നത്.
Comments