തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ സർക്കാരിന്റെ വാദ മുഖങ്ങൾ ഖണ്ഡിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഗവർണർക്ക് വീണ്ടും കത്ത് നൽകി. ഭേദഗതി ഓർഡിനൻസ് നിയമ വിരുദ്ധമാണെന്നും ഒപ്പുവയ്‌ക്കരുതെന്നും ആവശ്യപ്പെട്ട് ജനുവരി 27ന് യു.ഡി.എഫ് പ്രതിനിധി സംഘം നൽകിയ കത്തിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് സർക്കാർ നൽകിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് കത്ത് നൽകിയത്.
പൊതുപ്രവർത്തകനോട് ക്വോ വാറന്റോ റിട്ടിലൂടെ സ്ഥാനമൊഴിയണമെന്ന് നിർദ്ദേശിക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന സർക്കാർ വാദം തെറ്റാണ്. കെ.സി. ചാണ്ടിയും ആർ ബാലകൃഷ്ണപിള്ളയും തമ്മിലുള്ള കേസ് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈ വാദമുന്നയിക്കുന്നത്. എന്നാൽ രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി ബിആർ കപൂർ വേഴ്‌സസ് തമിഴ്‌നാട്(സെപ്റ്റംബർ 21, 2002) എന്ന കേസിൽ ക്വോ വാറന്റോ റിട്ടിലൂടെ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. ക്വോ വാറന്റോ റിട്ടിലൂടെ പൊതുപ്രവർത്തകനെ ഒരു സ്ഥാനത്ത് നിന്നും പുറത്താക്കാമെന്ന സുപ്രീം കോടതിയുടെ ഈ ഉത്തരവ് രാജ്യത്തെ മറ്റെല്ലാം കോടതികൾക്കും ബാധകമാണ്.
സർക്കാർ വിശദീകരണത്തിൽ പറയുന്ന കെ.സി. ചാണ്ടിയും ആർ ബാലകൃഷ്ണപിള്ളയും തമ്മിലുള്ള കേസിൽ ഒരു മന്ത്രി നടത്തുന്ന സത്യപ്രതിജ്ഞാ ലംഘനത്തിൽ ക്വോ വാറന്റോ പുറപ്പെടുവിക്കാനുള്ള പരിമിതി മാത്രമാണ് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കേരള നിയമസഭ പാസാക്കിയ നിയമത്തിലൂടെ രൂപീകൃതമായ ലോകയുക്ത അഴിമതിക്കെതിരായ സംവിധാനമാണ്. അല്ലാതെ സത്യപ്രതിജ്ഞാ ലംഘനത്തിനെതിരെ നടപടിയെടുക്കുകയെന്നത് ലോകായുക്തയുടെ പരിധിയിൽ ഉൾപ്പെടുന്നതല്ല. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പനുസരിച്ച് കെ.ടി ജലീൽ മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് ഉത്തരവിട്ടതും ബന്ധു നിയമനത്തിനായി അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതിയിലാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വിശദീകരിക്കുന്നു.
സർക്കാർ നൽകിയ വിശദീകരണങ്ങളെല്ലാം ഖണ്ഡിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. സർക്കാർ നൽകിയ വിശദീകരണങ്ങൾക്കൊന്നും നിയമത്തിന്റെ പിൻബലമില്ലാത്ത സാഹചര്യത്തിൽ ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് പ്രതിപക്ഷ നേതാവ് വീണ്ടും അഭ്യർഥിച്ചു.
















Comments