ന്യൂയോർക്ക് : അതിരാവിലെ ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ നടക്കാറിനിറങ്ങിയ ആളുകളാണ് ആ കാഴ്‌ച്ച കണ്ടത് . ഒരു ഭീമാകാരമായ ക്യൂബിന് കാവൽ നിൽക്കുന്ന വൻ സുരക്ഷാ സംഘം . സാധാരണ ഒരു ക്യൂബിന് ഇത്തരം വമ്പൻ സുരക്ഷ ഒരുക്കാറില്ലല്ലോ , എന്നാൽ കാര്യം തിരക്കിയതോടെ ആളുകൾ ഞെട്ടി .186 കിലോഗ്രാം ഭാരമുള്ള ആ ഭീമൻ ക്യൂബ് ഒരു സാധാരണ ലോഹം കൊണ്ടല്ല നിർമ്മിച്ചത്. ശുദ്ധമായ 24 കാരറ്റ് സ്വർണ്ണം കൊണ്ടാണ് അത് നിർമ്മിച്ചിരിക്കുന്നത് . പാർക്കിന്റെ നൗംബർഗ് ബാൻഡ്ഷെൽ വേദിയുടെ മധ്യത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
നിക്ലാസ് കാസ്റ്റെല്ലോ എന്ന ജർമ്മൻ കലാകാരനായിരുന്നു ക്യൂബ് നിർമ്മിച്ചത് . മനുഷ്യരാശിയുടെ ചരിത്രത്തിൽ മുമ്പൊരിക്കലും ഇത്രയധികം സ്വർണ്ണം ഒരൊറ്റ വസ്തുവിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടില്ല . സ്വർണ്ണം ശാശ്വതമായ ലോഹമാണ് സൂര്യന്റെ, പ്രകാശത്തിന്റെ, നന്മയുടെ പ്രതീകമാണത്- അദ്ദേഹം പറഞ്ഞു.
ഒരു ഔൺസിന് 1,788 ഡോളർ ചെലവഴിച്ചാണ് ഈ ക്യൂബ് നിർമ്മാണത്തിനായി സ്വർണ്ണം വാങ്ങിയത് . ക്യൂബിന് ഏകദേശം 11.7 മില്യൺ ഡോളർ വിലയുണ്ട്.എന്നാൽ റിപ്പോർട്ടുകൾ പ്രകാരം, കലാകാരൻ തന്റെ ക്രിപ്‌റ്റോകോയിനിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനായാണ് ഇത്തരമൊരു ക്യൂബ് നിർമ്മിച്ചതെന്നും പറയപ്പെടുന്നു. 43 കാരനായ കാസ്റ്റെല്ലോ ഒരു ദിവസം മാത്രമാണ് സ്വർണ്ണ ക്യൂബ് പ്രദർശിപ്പിച്ചത്.
ഒരു പ്രത്യേക ചൂള ക്യൂബ് നിർമ്മാണത്തിനായി സൃഷ്ടിച്ചതായും കാസ്റ്റലിന്റെ ടീം പറഞ്ഞു. ചൂള കാസ്റ്റ് ചെയ്യുന്നതിനായി 1,100 ഡിഗ്രി സെൽഷ്യസിൽ സ്വർണ്ണക്കട്ടികൾ ഉരുകാൻ പാകത്തിൽ ചൂടാക്കി. സ്വിറ്റ്‌സർലൻഡിലെ ആറൗവിലെ ആർട്ട് ഫൗണ്ടറി എച്ച്. റൂറ്റ്‌സ്‌ചിയിലാണ് കാസ്റ്റെല്ലോ ക്യൂബ് നിർമ്മിച്ചത്.
Comments