തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. അനധികൃത ഇടപാടുകൾ നടത്തിയത് ശിവശങ്കർ അറിഞ്ഞുകൊണ്ടായിരുന്നുവെന്ന് സ്വപ്ന സുരേഷ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ശിവശങ്കർ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ഒരാളാണ്. നിരവധി തീരുമാനങ്ങൾ എടുത്തത് ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ്. തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തിൽ ആത്മകഥയിൽ എഴുതിയെങ്കിൽ മോശമാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
ഐ ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്ന വാദം തെറ്റാണെന്ന് സ്വപ്ന പറഞ്ഞു. യുഎഇ കോൺസുലേറ്റിലെ അനധികൃത ഇടപാടുകൾ ശിവശങ്കറിന് അറിയാം. അതിനാൽ ജോലി മാറാൻ അദ്ദേഹം നിർദ്ദേശിച്ചിരുന്നു. സ്‌പെയ്‌സ് പാർക്കിൽ ജോലി നേടാൻ ശുപാർശ ചെയ്തത് ശിവശങ്കറാണ്. എന്റെ കഴിവ് കണ്ടാണ് ജോലി തന്നത്.
താൻ ചതിച്ചെന്ന് ശിവശങ്കർ പറയുമെന്ന് കരുതിയില്ലെന്നും തന്റെ വ്യക്തിത്വം ചോദ്യം ചെയ്ത് ആരും ക്ലീൻ ചീറ്റ് നേടേണ്ടെന്നും സ്വപ്ന പറഞ്ഞു. തന്നെ എല്ലാവരും ചൂഷണം ചെയ്തു. ഒരു സ്ത്രീ അനുഭവിക്കേണ്ടതിലധികം താൻ അനുഭവിച്ചു. താൻ ഇരയാണെന്നു സ്വപ്ന പ്രതികരിച്ചു.
ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ഒരു ആത്മകഥ എഴുതുന്നുവെന്ന് പറയുമ്പോൾ ഒരു ക്വാളിറ്റി പ്രതീക്ഷിക്കും. എന്നാൽ ശിവശങ്കർ എഴുതുന്നത് ഒരു ഐഫോണിനെപ്പറ്റിയാണ്. ഇത് എന്ത് ബോധ്യപ്പെടുത്താനാണെന്നും സ്വപ്ന ചോദിച്ചു.
ബുക്ക് പ്രസിദ്ധീകരിക്കുമ്പോൾ തന്റെ ഇന്റഗ്രിറ്റിയെക്കുറിച്ച് ചോദ്യം ചെയ്യുന്ന എന്തെങ്കിലും അതിലുണ്ടെങ്കിൽ താൻ പ്രതികരിക്കുമെന്നും സ്വപ്‌ന പറഞ്ഞു. ശിവശങ്കറിൽ നിന്നും മാന്യമായ പെരുമാറ്റമാണ് പ്രതീക്ഷിച്ചിരുന്നത്. ഒരു ഐഫോൺ കൊടുത്ത് ഐഎഎസ് ഓഫീസറെ പറ്റിക്കാൻ സ്വപ്‌ന സുരേഷ് അത്രത്തോളം വളർന്നിട്ടില്ല. ശിവശങ്കർ പുസ്തകത്തിൽ കള്ളമാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് എന്നും അങ്ങനെ എഴുതാൻ പാടില്ലായിരുന്നെന്നും സ്വപ്‌ന പറഞ്ഞു.
















Comments